വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് കവിളുപാറ വട്ടപ്പാറയിൽ മലയിൽനിന്നു ഭീമൻ പാറ ഉഗ്രസ്ഫോടനത്തോടെ താഴേക്കു പതിച്ചു. തോട്ടത്തിൽ പണിയെടുത്തിരുന്ന കർഷകൻ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. മറ്റൊരു പാറക്കൂട്ടത്തിൽ തട്ടി കല്ല് ഗതിമാറിയതിനാൽ വൻദുരന്തം ഒഴിവായി. കല്ലും മണ്ണും പോയ വഴിയിലെ രണ്ട് ഏക്കറോളം കൃഷി നശിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
മംഗലംഡാം സ്വദേശികളായ ആനക്കുഴിപ്പാടം ഉപ്പുമണ്ണ് രാജു (55), പന്നികുളമ്പ് സ്വദേശികളായ ഷിബു (22), ബിനു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന്റെ നെറ്റിയിൽ പതിമൂന്ന് തുന്നിക്കെട്ടുണ്ട്.
അപകടസമയത്തു സ്ഥല ഉടമയും കർഷകനുമായ വടക്കേക്കളം രാധാകൃഷ്ണനും തോട്ടത്തിലുണ്ടായിരുന്നു. കുത്തനെയുള്ള മലയായതിനാൽ ഫോർവീൽ ജീപ്പ് മാത്രമേ സ്ഥലത്തെത്തൂ. എന്നാൽ ഇതിനുപറ്റിയ ജീപ്പൊന്നും കിട്ടാതിരുന്നതിനാൽ തലയിൽ സാരമായി പരിക്കേറ്റ രാജു തന്നെയാണ് തന്റെ ജീപ്പ് ഓടിച്ച് മലയിറങ്ങി ആശുപത്രിയിലെത്തിയത്.
പാറ താഴേക്കു വന്നതിനു പിന്നാലെ ചെറിയ ഉറവയും രൂപപ്പെട്ടിട്ടുണ്ട്. ഇവിടത്തെ മണ്ണിനു കാണപ്പെട്ട നിറവ്യത്യാസം സ്ഥലത്തെത്തിയവരേയും ഭീതിയിലാക്കി. കരിപോലെയുള്ള മണ്ണാണ് പാറ ഇളകി വന്ന മലയുടെ പാറയിടുക്കുകളിൽനിന്നു വെള്ളത്തിനൊപ്പം പൊങ്ങിവന്നിരുന്നത്. സംഭവ സ്ഥലം തഹസിൽദാർ എം.കെ.അനിൽ കുമാർ, വടക്കഞ്ചേരി സിഐ സുനിൽകുമാർ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രൂപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.