മംഗലംഡാം: ഉദ്യാനനവീകരണമെന്ന പേരിൽ മംഗലംഡാമിൽ നടക്കുന്നത് കോടികളുടെ ദുർവ്യയമെന്നു ആക്ഷേപം. റിസർവോയറിന്റെ ഓരത്ത് ബോട്ട് ജെട്ടിക്കുസമീപം ട്രഞ്ച് കുഴിച്ചുള്ള നിർമാണപ്രവൃത്തികളും നിലവിലുള്ള കുട്ടികളുടെ പാർക്ക് ഇവിടേയ്ക്ക് മാറ്റുന്നതുമെല്ലാം കുറേ ഫണ്ട് ചെലവഴിക്കൽ മാത്രമായി മാറുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്.
അഞ്ചുവർഷംമുന്പ് നാലരകോടി രൂപ മുതൽമുടക്കിൽ ഉണ്ടാക്കിയ നവീകരണ പ്രവൃത്തികളെല്ലാം സംരക്ഷണമില്ലാതെയും യഥാസമയം അറ്റകുറ്റപ്പണികളില്ലാതെയും നശിക്കുന്നതിനിടെയാണ് വീണ്ടും അഞ്ചുകോടിയോളം രൂപചെലവിൽ പുതിയ പദ്ധതികൾ നടത്തുന്നത്. ഇതിനു പിന്നാലെ ഇരുപത്തിയഞ്ചുകോടിയുടെ ബൃഹദ്പദ്ധതികൂടി വരുന്നുണ്ടെന്നാണ് പറയുന്നത്.
കോടികൾ മുടക്കുന്നതല്ലാതെ ഡാം കാണാനെത്തുന്നവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾക്കുപോലും സൗകര്യമില്ല. ആർക്കൊക്കെയോവേണ്ടി കോടികളുടെ പദ്ധതികൾ വരികയും പോകുകയും ചെയ്യുന്നു. ഏറെ ലക്ഷങ്ങൾ ചെലവഴിച്ചാണ് ഏതാനുംവർഷംമുന്പു മാത്രം പഴയ പോലീസ് സ്റ്റേഷനുസമീപം കുട്ടികളുടെ പാർക്ക് സ്ഥാപിച്ചത്.
ഇപ്പോൾ പറയുന്നു പാർക്കിന്റെ സ്ഥാനം ശരിയല്ലെന്നും ഡാം സൈറ്റിലേക്ക് പാർക്ക് മാറ്റി സ്ഥാപിക്കണമെന്നും. ഒന്നരവർഷംമുന്പ് പൂർത്തിയാക്കുമെന്നു പറഞ്ഞാണ് കഴിഞ്ഞ മാർച്ചിൽ ഉദ്യാന നവീകരണത്തിന്റെ നിർമാണോദ്ഘാടനം ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചത്.
നിർമാണോദ്ഘാടനം നടന്നു എട്ടുമാസം പിന്നിടുന്പോൾ പണികൾ ഏതാണ്ടു പൂർത്തിയായത് മഴമാപിനിക്കടുത്തു വാഹനപാർക്കിംഗിനുള്ള കല്ലുകെട്ടലും സ്റ്റേജ് നിർമാണവും ട്രഞ്ച് കുഴിക്കലും മാത്രം.മൂന്നോ നാലോ ആളുകളെവച്ച് ഒച്ചിഴയുംമട്ടിലാണ് പണികൾ നടക്കുന്നത്. എറണാകുളത്തെ വാപ്പ്കോസ് ലിമിറ്റഡ് എന്ന ഏജൻസിയാണ് 4.76 കോടി രൂപയുടെ വർക്കുകൾ കരാർ എടുത്തിരുന്നതെങ്കിലും ഇവർ മറ്റൊരു ഏജൻസിക്ക് സബ് കരാർ നല്കിയിരിക്കുകയാണ്.
അഡ്വഞ്ചർ സ്പോർട്സ് ആൻഡ് കിഡ്സ് പാർക്ക്, റോപ്പ് വേ, റോക്കിംഗ് ബോട്ട്, ബാലൻസിംഗ് ബ്രിഡ്ജ് തുടങ്ങി അന്പതോളം ചെറുതും വലുതുമായപദ്ധതികൾ ഇനി പൂർത്തിയാക്കാനുണ്ട്. പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി പകുതിയോളം പിന്നിടുന്പോൾ വർക്കുകളൊന്നും നടക്കാത്ത സാഹചര്യത്തിൽ ഒന്നരവർഷംകൊണ്ട് പദ്ധതി പൂർത്തീകരണം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
കാലാവധി നീട്ടിക്കൊടുത്ത് പ്രവൃത്തി ഇഴയുന്പോഴേയ്ക്കും മറ്റൊരു പദ്ധതികളുമായി കോടികൾ അനുവദിക്കും.ഇത്തരത്തിൽ കോടികളുടെ പദ്ധതിയും അതിന്റെ നിർമാണോദ്ഘാടനവുമല്ലാതെ മറ്റൊന്നും കഴിഞ്ഞ പതിറ്റാണ്ടുകാലമായി മംഗലംഡാമിൽ നടക്കുന്നില്ലെന്നാണ് ആക്ഷേപം.