മംഗലംഡാം: വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതിയുടെ പ്രാരംഭപ്രവൃത്തികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഡാമിലെ വാച്ച് ടവറിൽ (നക്ഷത്ര ബംഗ്ലാക്കുന്ന്) ഇറിഗേഷൻ വകുപ്പിൽനിന്നും വാട്ടർ അഥോറിറ്റിക്ക് വിട്ടുകിട്ടിയിട്ടുള്ള 50 സെന്റ് സ്ഥലത്ത് കൂറ്റൻ ഫിൽറ്റർ ടാങ്ക് നിർമിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയിട്ടുള്ളത്.
ഇവിടത്തെ മരങ്ങളും മുളങ്കാടുകളും വെട്ടിനീക്കിയാണ് ടാങ്ക് നിർമിക്കുന്നതിനു ഒരുക്കം നടത്തുന്നത്. 82 കോടി രൂപ ചെലവിലാണ് കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നത്. മംഗലംഡാം റിസർവോയർ സ്രോതസായാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
ആലത്തൂർ മുൻ എംഎൽഎ എം.ചന്ദ്രൻ തുടക്കമിട്ട പദ്ധതി പ്രവർത്തനം ഇപ്പോൾ കെ.ഡി.പ്രസേനൻ എംഎൽഎ പ്രത്യേക താത്പര്യമെടുക്കുന്നതിനാൽ യാഥാർഥ്യമാകുന്ന പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടുണ്ട്.ഒരു പതിറ്റാണ്ടുമുന്പാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷത്തോളം ആളുകൾക്ക് പ്രതിദിനം 40 ലിറ്റർവീതം കൂടിവെള്ളം ലഭ്യമാകുന്ന പദ്ധതിയാണിത്.
പദ്ധതി പൂർത്തീകരണത്തിനു എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നൊക്കെ കാത്തിരുന്നു കാണാം. 18 കോടി രൂപ ചെലവിൽ കണ്ണന്പ്ര പഞ്ചായത്തിനെ ഒഴിവാക്കി മൂന്നു പഞ്ചായത്തുകൾക്ക് കുടിവെള്ളം നല്കാനായിരുന്നു ആദ്യ പ്രോജക്ട്. പിന്നീടാണ് കണ്ണന്പ്രയെ ഉൾപ്പെടുത്തിയത്.ജലലഭ്യതയിലെ സംശയങ്ങളായിരുന്നു പഞ്ചായത്തുകളുടെ എണ്ണം കുറയ്ക്കാൻ കാരണമായത്.
എന്നാൽ ഡാമിലെ മണ്ണും ചെളിയും നീക്കി ജലസംഭരണം കൂട്ടി നെൽകൃഷിക്കൊപ്പം കുടിവെള്ളത്തിനും വെള്ളം കണ്ടെത്തുകയാണ് ലക്ഷ്യം.ചെളിനീക്കം ചെയ്യുന്നതിനുള്ള പരിശോധന നടന്നുവരികയാണ്. അടുത്ത വേനലോടെ മണ്ണുനീക്കം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ടെണ്ടർ നടപടി പൂർത്തിയാകാനുണ്ട്.
സംസ്ഥാനത്തുതന്നെ കാലവർഷത്തിൽ വെള്ളംനിറഞ്ഞ് ആദ്യം ഷട്ടറുകൾ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കി പാഴാക്കുന്ന ഡാമുകളിലൊന്നാണ് മംഗലംഡാം. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും വെള്ളം സംഭരിച്ചു നിർത്താനുള്ള ജലസംഭരണശേഷി ഡാമിനില്ല. ഇതുമൂലം മഴക്കാലത്ത് മൂന്നുമാസത്തോളം കാലം വെള്ളം പുഴയിലേക്ക് വിട്ടു പാഴാക്കുന്ന സ്ഥിതിയുണ്ട്. കുടിവെള്ളപദ്ധതി വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റംവരും.