വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം ആലത്തൂർ ഡിവിഷനു കീഴിൽ വരുന്ന പന്ത്രണ്ട് കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികളും റീടാറിംഗ് വർക്കുകളും ഉടനേ പൂർത്തിയാക്കും.
പൂർണമായും തകർന്ന ഭാഗങ്ങളിൽ റീടാറിംഗും മറ്റിടങ്ങളിൽ പാച്ച് വർക്കുമാണ് നടത്തുക. ഒരു കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. മംഗലംപാലം മുതൽ ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിവരെയുള്ള വർക്കുകളാണ് നടക്കുകയെന്ന് അധികൃതർ പറഞ്ഞു.
ദേശീയപാതയായി ഉയർത്തുന്നതിന്റെ സർവേനടപടികൾ പുരോഗമിക്കുന്നതിനാൽ ഈ റോഡിനായി കൂടുതൽ ഫണ്ട് ചെലവഴിക്കാൻ പൊതുമരാമത്ത് വകുപ്പിനും കഴിയില്ല. അതേസമയം കിറ്റ്കോ നടത്തിയ റോഡ് സർവേയുടെ അടിസ്ഥാനത്തിലാകും ഇനി പാതവികസനം.
സർവേയുടെ അന്തിമ റിപ്പോർട്ട് ആയിട്ടില്ല. പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലെ താമസക്കാരിലും കച്ചവടക്കാരിലും കെട്ടിട ഉടമകൾക്കെല്ലാം വലിയ ആശങ്കയാണ് നിലനില്ക്കുന്നത്.റോഡിൽനിന്നും 15 മീറ്റർവരെ പോക്കറ്റ് റോഡുകളിലേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ മാർക്കുകൾ രേഖപ്പെടുത്തി വരികയാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി തീർഥാടനകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാകുന്നതിനൊപ്പം ഇന്റർ സ്റ്റേറ്റ് ചരക്കുവാഹനങ്ങളുടെ സഞ്ചാരവും സുഗമമാക്കും.