‘വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിനടുത്തെ സിഗ്നൽ ജംഗ്ഷനിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന ദീപിക വാർത്തയെ തുടർന്ന് ആർടിഒയുടെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നാഷണൽ ഹൈവെ സേഫ്റ്റി വിഭാഗവും ഇന്നലെ വൈകീട്ട് ജംഗ്ഷനിൽ പരിശോധന നടത്തി.
അതീവ അപകട സാധ്യതയുള്ള ജംഗ്ഷൻ എന്ന നിലയിൽ ഏറ്റവും അടിയന്തിരമായി ചെയ്യാവുന്ന കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ നടപ്പിലാക്കുമെന്നും പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ള കൂടുതൽ പോരായ്മകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആ ടി ഒക്കും കളക്ടർക്കും റിപ്പോർട്ട് നൽകുമെന്ന് പരിശോധനാ സംഘം പറഞ്ഞു.
കളക്ടർ പിന്നീട് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി റോഡ് സുരക്ഷ ഉറപ്പാക്കും.വാഹനം ഓടിക്കുന്പോൾ പാലിക്കേണ്ട നിയമങ്ങൾ കൃത്യമായി പാലിക്കാത്തതു മൂലമുണ്ടാകുന്ന അപകടങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.തിരിവുകളിൽ ഇൻഡികേറ്റർ പ്രവർത്തിപ്പിക്കാതിരുന്ന വാഹനങ്ങൾ തടഞ്ഞു സംഘം നിർദ്ദേശം നൽകി.
റോംഗ് സൈഡിലൂടെ വാഹനം ഓടിക്കുന്നവരേയും പിടികൂടി. ദേശീയപാതയോരത്ത് സിഗ്നൽ ജംഗ്ഷനടുത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കും.ജംഗ്ഷനിലെ സിഗ്നൽ വേണ്ട വിധം പ്രവർത്തിപ്പിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന നാഷണൽ ഹൈവെയുടെ സേഫ്റ്റി ഓഫീസർ സിക്കന്തർ ഫ്രാൻസിസിന് എഎംവിഐ കെ.ദേവിദാസൻ തത്സമയം നിർദ്ദേശം നൽകി.
ആർടിഒ വി.എ.സഹദേവന്റെ നിർദ്ദേശപ്രകാരമാണ് എഎംവിഐ ദേവീദാസനു പുറമെ മറ്റു എഎംവിഐമാരായ എ.അനിൽകുമാർ, ആർ.ആനന്ദ് ഗോപാൽ എന്നിവർ സ്ഥലം പരിശോധനക്ക് എത്തിയത്.
അപകട പരന്പരകൾ അരങ്ങേറുന്ന സിഗ്നൽ ജംഗ്ഷനിൽ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചകൾ സംബന്ധിച്ച് ഈ മാസം മൂന്നിന് ദീപികയിൽ പടം സഹിതം പ്രസിദ്ധീകരിച്ചിരുന്ന വാർത്തയുമാണ് സംഘം എത്തിയിരുന്നത്.
ദീപിക വാർത്തയെ അടിസ്ഥാനമാക്കിയാണ് ആർടിഒ ഇടപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതെന്ന് സംഘം പറഞ്ഞു.
ഈ മാസം ഒന്നിന് സിഗ്നൽ ജംഗ്ഷനിൽ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 20 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞ മാസം മാത്രം വടക്കഞ്ചേരിയിൽ 14 അപകടങ്ങളുണ്ടായെന്നാണ് കണക്ക്. ഇതിൽ രണ്ട് മരണവും സംഭവിച്ചു.