വടക്കഞ്ചേരി: മഴ കനത്തത്തോടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നല്കി. തുടർച്ചയായ കനത്ത മഴയുണ്ടാകുന്പോൾ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.മംഗലംഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലമേഖലയും കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോരമേഖലയും കൂടുതൽ കരുതൽ വേണ്ടതായ പ്രദേശങ്ങളാണെന്ന് അധികൃതർ അറിയിച്ചു.
ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും ഇറങ്ങുന്നവർ സുരക്ഷ ഉറപ്പാക്കണം. മംഗലംഡാമിനടുത്ത് ഉപ്പുമണ്ണിലെ താമസക്കാർക്ക് മഴ കനക്കുന്പോൾ ഭീതിയേറുകയാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിലെ പേമാരിയിൽ ചെങ്കുത്തായ കുന്ന് രണ്ടായി പിളർന്നുനില്ക്കുന്നത് ഉപ്പുമണ്ണിലാണ്. തുടർച്ചയായി മഴപെയ്താൽ ഇവിടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണുള്ളത്. കുന്നിനുതാഴെ പത്തോളം വീടുകളുണ്ട്.
മംഗലംഡാമിൽ ഇന്നലെ 24 എംഎം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡാമിൽ ഇന്നലത്തെ കണക്കനുസരിച്ച് 71 മീറ്ററാണ് ജലനിരപ്പ്. 77.88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി ജലസംഭരണശേഷി. 65 മീറ്റർ സമുദ്രനിരപ്പ് കഴിഞ്ഞാൽ പതിനൊന്നു മീറ്റർ ഉയരത്തിൽ വെള്ളമാണ് ഡാമിലുള്ളത്.വ്യാഴാഴ്ച രാത്രിയും ഇന്നലെ പകലുമായി പെയ്ത മഴയിൽ പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.