മംഗലംഡാം: ഡാമിലെ ജലനിരപ്പ് താഴേക്ക് ഇറങ്ങിയതോടെ റിസർവോയറിൽ നിന്നുള്ള മണ്ണെടുക്കൽ പ്രവൃത്തികൾക്ക് വേഗതയായി. ഡയറക്ട് ഓപ്പണ് പന്പിംഗ് നടത്തുന്ന മറ്റൊരു ഡ്രഡ്ജർ കൂടി ഡാമിലെത്തിച്ചിട്ടുണ്ട്.
ഇത് അടുത്ത ദിവസം തന്നെ ഡാമി ലിറക്കും. മണ്ണും മണലും വേർതിരിക്കുന്ന പ്ലാന്റുകളുടെ പ്രവർത്തനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് കരാർ കന്പനി എക്സിക്യൂട്ടീവ് ഡയറക്ടർ മണിമേനോൻ പറഞ്ഞു.
പാണ്ടിക്കടവ്, കുന്നത്ത് ഗെയ്റ്റ്, എർത്ത് ഡാം എന്നിവിടങ്ങളിലായി മൂന്ന് പ്ലാന്റുകൾ പ്രവർത്തിക്കും. ഡ്രഡ്ജർ കൂടാതെ ജെസിബി ഇറക്കി മണ്ണ് വാരുന്ന പണികളും നടത്തുന്നുണ്ട്. കുന്നത്ത് ഗെയ്റ്റ് ഭാഗത്ത് വിസ്തൃതമായ വലിയ ബണ്ടുകൾ നിർമ്മിക്കുന്ന ജോലികളും ത്വരിതഗതിയിലാണ്.
ഡ്രഡ്ജർ ഉപയോഗിച്ച് ഇത്തരം ബണ്ടുകളിലേക്കാണ് മണ്ണ് വലിച്ചെടുത്ത് തള്ളുന്നത്. രണ്ട് ദിവസം ചെളിവെള്ളം താല്ക്കാലിക ബണ്ടിൽ തടഞ്ഞു നിർത്തി പിന്നീട് കലക്ക് മാറിയാൽ വെള്ളം ഡാമിലേക്ക് തന്നെ ഒഴുക്കിക്കളയുകയാണ്. മണ്ണും മണലും ബണ്ടിനുള്ളിൽ അടിഞ്ഞുകൂടും.
രണ്ടാം പുഴ, ചൂരുപ്പാറ, ഓടംതോട് ഭാഗങ്ങളിലാകും മണൽ ശേഖരം കൂടുതൽ ഉണ്ടാവുകയെന്ന് പറയുന്നു. റിസർവോയറിലേക്കുള്ള പ്രധാന നീരുറവകൾ ഈ പ്രദേശത്തുകൂടിയാണുളളത്. മംഗലം ഡാമിലേക്കുള്ള പ്രധാന നീരൊഴുക്ക് വനപ്രദേശത്തു നിന്നുത്ഭവിച്ച് കടപ്പാറ തോട് വഴി രണ്ടാം പുഴയിലൂടെ എത്തുന്ന അരുവിയാണ്.
ഇതിനാൽ തന്നെ ഈ ഭാഗങ്ങളിൽ കൂടുതൽ മണ്ണ് മണൽ തിട്ടകളുണ്ടാകും. തുടർച്ചയായ രണ്ട് അതിവർഷത്തിനു മുന്പ് 2007ലുണ്ടായ അതിവർഷത്തിൽ ചൂരുപ്പാറ കുറ്റാലം മുക്കിൽ അതിശക്തമായ ഉരുൾപൊട്ടലുണ്ടായി.
തെങ്ങോളം ഉയരത്തിലാണ് അന്ന് വനത്തിലൂടെയും സ്വകാര്യ തോട്ടങ്ങളിലൂടെയും മലവെള്ളം ഒഴുകി ഡാമിലെത്തിയത്. 300ൽ പരം വലിയ തേക്ക് മരങ്ങൾ മാത്രം അന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ കടപുഴകി ഡാമിലെത്തിയിരുന്നു.
അടിഞ്ഞുകൂടിയ തടികളൊന്നും പിന്നീട് ഡാമിൽ നിന്നും മാറ്റിയില്ല. ഇപ്പോഴും മണ്ണിനടിയിൽ ഈ തടികളെല്ലാം കിടക്കുന്നുണ്ടെന്ന് പറയുന്നു.
സംസ്ഥാനത്തെ ഡാമുകളിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മംഗലംഡാമിലായതിനാൽ ഇവിടുത്തെ പ്രവർത്തന പുരോഗതി ജലവിഭവ വകുപ്പ് ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.