മംഗലംഡാം: മംഗലംഡാമിലെ മണ്ണ് മാറ്റുന്നതിലൂടെ സർക്കാരിന് കോടികളുടെ വരുമാനമുണ്ടാകുന്പോൾ പദ്ധതി നടപ്പാക്കുന്പോൾ ജീവിതവും ജീവനോപാധികളും നഷ്ടപ്പെടുന്നവരുടെ വിലാപങ്ങൾ അധികൃതർ കാണാതെ പോകുന്നു.ഡാമിൽ പൊൻകണ്ടം റോഡിൽ കുന്നത്ത് ഗെയ്റ്റിനടുത്തെ കുടുംബങ്ങൾക്കാണ് മണ്ണ് നീക്കൽ ആരംഭിച്ചതോടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത്.
ചെളിനീക്കി മണൽ വേർതിരിച്ചെടുക്കാനുള്ള ഒരു പ്ലാന്റ് ഇവരുടെ വീടിനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. വലിയ മോട്ടോർ പന്പുകളും ടിപ്പർ ലോറികളും ചെളിവെള്ളവും പൊടിശല്യവുമൊക്കെയാണ് ഇവരുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്.
ഡാമിന്റെ കരഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ് തങ്കമ്മയും മിനിയുമൊക്കെ. കുടിവെള്ള പ്രശ്നവും പൊടിശല്യവുമായി വേനൽ കടന്നു പോയി.മഴക്കാലമായപ്പോൾ അതെല്ലാം രോഗപീഢകളുടെ രൂപത്തിൽ ഈ ദരിദ്ര കുടുംബങ്ങളെ വേട്ടയാടാൻ തുടങ്ങി.
ഗ്രാമപഞ്ചായത്തോ സർക്കാരോ പുനരധിവാസ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം. ഇവർക്ക് പോകാൻ മറ്റൊരിടമില്ല.തങ്കമ്മ എന്ന വൃദ്ധ മുപ്പതു വർഷക്കാലമായി ഇവിടെയാണ് താമസം. മറ്റൊരാളിൽ നിന്ന് കൈവശാവകാശം വിലയ്ക്കു വാങ്ങിയതാണ് സ്ഥലം.പശുക്കളെ വളർത്തിയായിരുന്നു ഉപജീവനം.
എന്നാൽ പ്രദേശത്തൊക്കെ ചെളിയും മണ്ണും നിറഞ്ഞതോടെ മാടുകൾക്ക് തീറ്റയില്ലാതായി. രോഗങ്ങൾ വർധിച്ച് തന്റെ മാതാപിതാക്കൾക്ക് രാത്രി ഉറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണെന്നാണ് നെല്ലുവേലിൽ മിനിയുടെ സങ്കടം.അമ്മ മൂന്നു മാസമായി തീർത്തും കിടപ്പിലാണ്.
അപ്പന് മുന്പേയുള്ള ആസ്തമ കലശലായി മാറി മാറി ആശുപത്രിവാസമാണ്. മിനിയുടെ ത്വക് രോഗവും പൊടിശല്യത്താൽ കൂടി.മക്കൾ മൂന്നു പേരും വിദ്യാർത്ഥികളാണ്.യന്ത്രങ്ങളുടെ ശബ്ദങ്ങളിൽ കുട്ടികളുടെ ഓണ്ലൈൻ പംനവും തടസപ്പെടുകയാണെന്ന് മിനി പറയുന്നു. ഭർത്താവ് മൈസൂരിൽ കന്പനി ജോലി ചെയ്തു കിട്ടുന്നതാണ് ഏക വരുമാനം.
ഇപ്പോൾ കൂലിയും കൃത്യമായി കിട്ടാതായി. ആകെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം.അതിന് സർക്കാർ വഴിയൊരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഡാമിലെ മത്സ്യതൊഴിലാളികളും വരുമാനമില്ലാതെ ദുരിതത്തിലാണ്.
മണ്ണ് എടുക്കൽ പദ്ധതി മൂന്ന് വർഷത്തേക്കായതിനാൽ ഡാമിലെ മത്സ്യം വളർത്തൽ പ്രതിസന്ധിയിലായതാണ് പട്ടികജാതി വർഗ്ഗ ഫിഷറീസ് സഹകരണ സംഘത്തിനും ഉപജീവന മാർഗ്ഗം ഇല്ലാതായത്.ഇനി മണ്ണെടുപ്പ് കഴിയും വരെ മത്സ്യക്കുഞ്ഞുങ്ങളെ ഡാമിൽ നിക്ഷേപിക്കാനും കഴിയില്ലെന്ന് സംഘം പ്രസിഡന്റ് ചന്ദ്രൻ പറഞ്ഞു.