മംഗലംഡാം: മംഗലംഡാം കനാൽ ഷട്ടറിന്റെ ചോർച്ച ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിയുക്ത എംഎൽഎ കെ. ഡി. പ്രസേനൻ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനാവശ്യമായ ഫണ്ടിന്റെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ പരാതിയെ തുടർന്ന് ഇറിഗേഷൻ അധികൃതരും അടിയന്തിര ഇടപെടലുകൾ നടത്തുന്നുണ്ട്.
കനാൽ, പുഴ എന്നിവയുടെ തീരപ്രദേശങ്ങളിലുള്ള എഴുന്നൂറിൽ പരം കുടുംബങ്ങളാണ് ശുദ്ധജല ലഭ്യത ഇല്ലാതെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദുരിതാവസ്ഥയിലുളളത്.
റിസർവോയറിൽ മണ്ണെടുക്കൽ നടക്കുന്നതിനാൽ ഡാമിലെ വെള്ളമെല്ലാം കലങ്ങി കിടക്കുകയാണ്. ഈ കലക്കു വെള്ളമാണ് ഷട്ടർ ചോർച്ച വഴി കനാലിലേക്കും പുഴയിലേക്കും ഒഴുകുന്നത്.
ഇതിനാൽ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും കലക്ക് വെള്ളം കയറി മലിനമായി. ടോയ്ലറ്റിൽ ഉപയോഗിക്കാൻ പോലും പറ്റാത്ത വിധം കൊടുത്ത ചെളിവെള്ളമാണ് നിറയുന്നത്. വലത് കനാൽ കടന്നു പോകുന്ന ഭാഗങ്ങളിലാണ് കൂടുതലും കിണറുകൾ മലിനമാകുന്നത്.
വീട്ടാവശ്യങ്ങൾക്കും കുടിക്കാനും കുളിക്കാനും തുണി കഴുകാനുമൊക്കെ വാഹനം വാടകക്ക് എടുത്ത് മറ്റിടങ്ങളിൽ നിന്നും വെള്ളം എത്തിക്കുകയാണ് വീട്ടുക്കാരെല്ലാം.
കോവിഡ് ദുരിതങ്ങളും അതുവഴിയുള്ള സാന്പത്തിക പ്രതിസന്ധിക്കുമൊപ്പം വെള്ളത്തിനും പണം ചെലവഴിക്കേണ്ടി വരുന്നത് മേഖലയിലെ ജനങ്ങളുടെ സ്ഥിതി കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണ്.
കനാൽ ഷട്ടറിന്റെ വാൾവിനുള്ള തകരാർ മൂലമാണ് ഡാമിൽ നിന്നും കലക്ക് വെള്ളം ചോരാൻ ഇടയാകുന്നത്. വാൾവിന്റെ തകരാറ് അടിയന്തിരമായി പരിഹരിച്ച് കനാലിലേക്കും പുഴയിലേക്കും കലക്ക് വെള്ളം എത്തുന്നത് തടയണമെന്നാണ് ആവശ്യം.