മംഗലംഡാം: നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കമായി. ബാംഗ്ലാക്കുന്നിൽ സ്ഥലം ലെവൽചെയ്ത് ടാങ്ക് നിർമിക്കുന്ന പണികളാണ് നടക്കുന്നത്.
കഴിഞ്ഞമാസം അഞ്ചിനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചത്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി , കണ്ണന്പ്ര എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനായാണ് മംഗലംഡാം സ്രോതസ്സാക്കി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിവഴി ഒരുലക്ഷത്തോളം പേർക്ക് കുടിവെള്ളം നൽകാനാകുമെന്നാണ് കണക്കാക്കുന്നത്.
പദ്ധതിക്കായി ബംഗ്ലാക്കുന്നിൽ 24.50 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാലയും അനുബന്ധഘടകങ്ങളും 24.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുമാണ് നിർമിക്കുക. 68 എച്ച് പിയുടെ വാട്ടർ മോട്ടോർ പന്പ് സെറ്റ്, സബ് സ്റ്റേഷൻ നിർമാണം, ട്രാൻസ്ഫോർമർ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ചെയ്യുന്നത്.
പദ്ധതിക്കായി 95 കോടിരൂപയാണ് ഇപ്പോൾ ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തീകരിക്കുന്പോൾ 140 കോടിയാകുമെന്നാണ് അധികൃതർ പറയുന്നത്.