ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആന തറവാട്ടിലെ ഒരംഗം കൂടി യാത്രയായി. മംഗലാംകുന്ന് ഗുരുവായൂരപ്പൻ എന്ന ഗജവീരനാണ് ചെരിഞ്ഞത്. 55 വയസ്സായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം. വള്ളുവനാട്ടിലെ ക്ഷേത്രങ്ങളിലെ പൂരങ്ങൾക്കും, ഉത്സവങ്ങൾക്കും നിറസാന്നിധ്യമായിരുന്നു ഗുരുവായൂരപ്പൻ. തലയെടുപ്പുള്ള ഗജവീരൻ കഴിഞ്ഞ സീസണിലെ ഉത്സവങ്ങളിലും എഴുന്നെള്ളിപ്പിനെത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി എരണ്ടക്കെട്ടും ഛർദ്ദിയും ബാധിച്ചു ചികിത്സയിലായിരുന്നു.കോട്ടയത്തു നിന്നുള്ള മുൻ വനംവകുപ്പ് വെറ്റിനറി സർജൻ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സയും നടത്തിവന്നു.16 വർഷം മുൻപാണ് ഗുരുവായൂരപ്പൻ മംഗലാംകുന്ന് ആനത്തറവാട്ടിലെത്തുന്നത്.
ഗുരുവായൂരപ്പന്റെ വിയോഗത്തിലൂടെ ഗുരുവായൂർ ആനകോട്ട കഴിഞ്ഞാൽ സ്വകാര്യ വ്യക്തിക്ക് ഏറ്റവും കൂടുതൽ ആനകളുള്ള മംഗലാംകുന്നു ആനത്തറവാട്ടിലെ ആനകളുടെ അംഗ സംഖ്യ 11 ആയി ചുരുങ്ങി. മംഗലാംകുന്ന് തറവാട്ടിൽ നിന്നും ഒരു വർഷത്തിനിടെ ചരിയുന്ന മൂന്നാമത്തെ ഗജവീരനാണ് ഗുരുവായൂരപ്പൻ. ഏതാനും മാസങ്ങൾക് മുന്പ് കൃഷ്ണൻ കുട്ടിയും, അതിനു മുൻപ് വിജയനും വിടവാങ്ങിയിരുന്നു.