തൃശൂർ: എഴുന്നള്ളിപ്പുകളിൽ തിടന്പേറ്റിക്കഴിഞ്ഞാൽ ഇറക്കുന്നതുവരെ പ്രൗഢിയോടെ നിൽക്കുന്നതാണ് കർണന്റെ ശീലം. ഏതു തലയെടുപ്പുകാർക്കൊപ്പം നിന്നാലും അതുകൊണ്ടു കർണൻ വ്യത്യസ്തനാകും.
ഉടൽനീളംകൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാം. മദപ്പാടുകാലത്തുപോലും ശാന്തൻ. ഈ പ്രത്യേകതകൾതന്നെയാവണം കർണനെ വെള്ളിത്തിരയിലുമെത്തിച്ചത്. മലയാളത്തിൽമാത്രമല്ല, ബോളിവുഡിലും!
മോഹൻലാലിന്റെ നരസിംഹം, കഥാനായകൻ, മണിരത്നം സംവിധാനം ചെയ്ത ഷാരൂഖ് ചിത്രമായ ദിൽ സേ എന്നീ സിനിമകളിൽ കർണനുണ്ട്. ദിൽ സേയിലെ കേരളത്തിൽ ചിത്രീകരിച്ച ജിയാ ജലേ ജാൻ ജലേ എന്ന ഗാനരംഗത്തിൽ കർണന്റെ തലപ്പൊക്കം ശ്രദ്ധേയമായി.
വടക്കൻ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി വിജയിച്ചിരുന്നു കർണൻ- ഒന്പതുവർഷം. അതുകൂടാതെ വേറെയും ഒട്ടേറെ മത്സരങ്ങളിൽ കർണൻ ഒന്നാമനായി.