ചെർപ്പുളശേരി: തലപ്പൊക്കംകൊണ്ട് ഉത്സവപ്പറന്പുകളെ ആവേശംകൊള്ളിച്ച കൊന്പൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. അറുപതു വയസോളമുള്ള ആനയ്ക്ക് കുറച്ചുകാലമായി പ്രായാധിക്യംമൂലമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന ആന പുലർച്ചെ അഞ്ചോടെയാണ് ആന ചരിഞ്ഞത്.
ഹൃദയാഘാതം മൂലം ചരിയുകയാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്കു ശേഷം ഇന്നുതന്നെ വാളയാർ വനത്തിൽ സംസ്കരിക്കും.
ബിഹാറിൽ ജനിച്ച കൊന്പനെ 1989ലാണ് കേരളത്തിൽ എത്തിച്ചത്. പിന്നീട് മംഗലാംകുന്ന് കുടുംബത്തിൽ എത്തി. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള കൊന്പനാണ് കർണൻ. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവുമധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്.
ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന മംഗലാംകുന്ന് ഗണപതി നേരത്തേ ചരിഞ്ഞു. മംഗലാംകുന്ന് അയ്യപ്പനും പ്രശസ്തനായ കൊന്പനാണ്. ബിഹാറിയാണെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ള ഗജവീരനായിരുന്നു മംഗലാംകുന്ന് കർണൻ.
തങ്ങളുടെ പ്രിയങ്കരനായ കൊന്പനെ അവസാനമായി ഒരുനോക്കു കാണാൻ ഒട്ടേറെ ആനപ്രേമികൾ എത്തി. 2019 മാർച്ച് മാസത്തിലാണ് കർണൻ ഒടുവിൽ എഴുന്നള്ളിപ്പിൽ പങ്കെടുത്തത്.
മോഹൻലാലിനും ഷാരൂഖിനുമൊപ്പം സിനിമയിലും
തൃശൂർ: എഴുന്നള്ളിപ്പുകളിൽ തിടന്പേറ്റിക്കഴിഞ്ഞാൽ ഇറക്കുന്നതുവരെ പ്രൗഢിയോടെ നിൽക്കുന്നതാണ് കർണന്റെ ശീലം. ഏതു തലയെടുപ്പുകാർക്കൊപ്പം നിന്നാലും അതുകൊണ്ടു കർണൻ വ്യത്യസ്തനാകും.
ഉടൽനീളംകൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാം. മദപ്പാടുകാലത്തുപോലും ശാന്തൻ. ഈ പ്രത്യേകതകൾതന്നെയാവണം കർണനെ വെള്ളിത്തിരയിലുമെത്തിച്ചത്. മലയാളത്തിൽമാത്രമല്ല, ബോളിവുഡിലും!
മോഹൻലാലിന്റെ നരസിംഹം, കഥാനായകൻ, മണിരത്നം സംവിധാനം ചെയ്ത ഷാരൂഖ് ചിത്രമായ ദിൽ സേ എന്നീ സിനിമകളിൽ കർണനുണ്ട്.
ദിൽ സേയിലെ കേരളത്തിൽ ചിത്രീകരിച്ച ജിയാ ജലേ ജാൻ ജലേ എന്ന ഗാനരംഗത്തിൽ കർണന്റെ തലപ്പൊക്കം ശ്രദ്ധേയമായി.