സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നുള്ള മംഗലാപുരം എക്സ്പ്രസ് ട്രെയിൻ സ്ഥിരമായി കൊച്ചുവേളിയിലേക്കു മാറ്റാൻ റെയിൽവേയുടെ ഗൂഢനീക്കം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണിയുടെ പേരിൽ കഴിഞ്ഞ മൂന്നു മാസമായി കൊച്ചുവേളിയിൽ നിന്നു പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്തിരുന്ന ട്രെയിൻ വീണ്ടും ജൂണ് ഒന്നു വരെ കൊച്ചുവേളിയിൽ തന്നെ തുടരുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.
തുടർച്ചയായി ഇതു മൂന്നാം തവണയാണു മംഗലാപുരം എക്സ്പ്രസ് കൊച്ചുവേളിയിലേക്കു മാറ്റുന്നത്. രണ്ടാം തവണ കൊച്ചുവേളിയിലേക്കു മാറ്റിയപ്പോൾ മാർച്ച് ആറിനു ശേഷം തിരുവനന്തപുരത്തു നിന്നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, അറ്റകുറ്റപ്പണി തീർന്നില്ലെന്നതിന്റെ പേരിൽ കൊച്ചുവേളിയിൽ തുടരുമെന്ന് അറിയിക്കുകയായിരുന്നു.
രാത്രി 8.30നു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു മംഗലാപുരത്തിനു പുറപ്പെടുകയും പുലർച്ചെ അഞ്ചിനു തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്തിരുന്ന ട്രെയിനാണു സ്ഥിരമായി കൊച്ചുവേളിയിലേക്കു മാറ്റാൻ നീക്കം നടക്കുന്നത്. മലബാർ മേഖലയിൽ നിന്ന് റീജിയണൽ കാൻസർ സെന്ററിലും ഗുരുതര ഹൃദ്രോഗത്തിന് ശ്രീചിത്രയിലും ചികിത്സ തേടിയെത്തുന്നവരാണ് വലയുന്നത്. ദിനംപ്രതി നൂറുകണക്കിനു രോഗികളാണു ഇതേ ട്രെയിനിൽ തിരുവനന്തപുരത്തു ചികിത്സ തേടിയെത്തുന്നത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസ് ഇല്ലാത്തതാണു പ്രധാനമായി യാത്രക്കാരെ വലയ്ക്കുന്നത്. പുലർച്ചെ അഞ്ചിനു മംഗലാപുരം എക്സ്പ്രസ് കൊച്ചുവേളിയിൽ എത്തുന്പോൾ മെഡിക്കൽ കോളജ് ഭാഗത്തേയ്ക്ക് ഒരു ലോ ഫ്ളോർ എസി ബസ് മാത്രമാണുള്ളത്.
ട്രെയിനിൽ എത്തുന്നവരെല്ലാം ഇതേ ബസിൽ വേണം തിക്കിത്തിരക്കി മെഡിക്കൽ കോളജിലും ആർസിസിയിലും ശ്രീചിത്രയിലുമെത്താൻ. 36 രൂപയാണ് ബസ് ചാർജ് ഇനത്തിൽ ഒരാൾ കഐസ്ആർടിസിക്ക് നൽകേണ്ട ി വരുന്നത്. രോഗിയും ബന്ധുവും ചേരുന്പോൾ ഇരട്ടി തുക നൽകണം. കൂടുതൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം സംസ്ഥാന സർക്കാരും കേൾക്കാത്ത അവസ്ഥയാണ്.
ഓട്ടോറിക്ഷയിൽ പോകണമെങ്കിൽ നൂറുകണക്കിനു രൂപയാണ് ചോദിക്കുന്നത്. അതായത് ട്രെയിൻ ടിക്കറ്റിനായി ചെലവഴിച്ച അത്രയും തുക ഓട്ടോ ചാർജായി നൽകിയാൽ മാത്രമേ രോഗികൾക്കും ബന്ധുക്കൾക്കും ആശുപത്രികളിൽ എത്തിച്ചേരാൻ കഴിയൂ. ട്രെയിൻ തിരുവനന്തപുരത്തു നിന്നു പുറപ്പെടുകയും ഇവിടെ എത്തിച്ചേരുകയും ചെയ്തിരുന്നെങ്കിൽ യാത്രക്കാർക്കു കൂടുതൽ സൗകര്യം ലഭിക്കുമായിരുന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോം പിറ്റ് ലൈൻ അറ്റകുറ്റപ്പണിയുടെ ഭാഗമായാണു ട്രെയിൻ കൊച്ചുവേളിയിലേക്കു മാറ്റുന്നതെന്നാണ് റെയിൽവേ ഉന്നതരുടെ വാദം. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും എന്തുകൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ, മറ്റു പല ട്രെയിനുകളും മൂന്നാം പ്ലാറ്റ് ഫോമിൽ നിന്നാണ് ഈ ദിവസങ്ങളിൽ പുറപ്പെടുന്നത്.
രാത്രി ഏഴിനു ശേഷം എറണാകുളം ഭാഗത്തേക്കു ട്രെയിനില്ല
രാത്രി ഏഴിനു മലബാർ എക്സ്പ്രസ് പുറപ്പെട്ടു കഴിഞ്ഞാൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്കു മൂന്നു മണിക്കൂർ സമയം ട്രെയിനില്ലാത്തതിനാൽ യാത്രക്കാർ നട്ടംതിരിയുകയാണ്. പിന്നെയുള്ളത് രാത്രി പത്തിനു പുറപ്പെടുന്ന അമൃത- രാജ്യറാണി എക്സ്പ്രസ് മാത്രമാണ്. ഏഴിനു ശേഷമെത്തുന്ന സ്ഥിരം യാത്രക്കാർക്കു സഞ്ചരിക്കാനുള്ള സംവിധാനമില്ല.
7.30നു കൊല്ലത്തിനുള്ള മെമു മാത്രമാണ് കൊല്ലം വരെയുള്ളവരുടെ ഏക ആശ്രയം. നേരത്തെ 7.25നു പുറപ്പെട്ടിരുന്ന മാവേലി എക്സ്പ്രസും 6.45നാക്കി. അഞ്ചിനും ഏഴിനുമിടയിൽ എട്ടു ട്രെയിനുകൾ പുറപ്പെടുന്നുണ്ട്. ഇതിൽ രണ്ടു വണ്ടികളെങ്കിലും രാത്രി എട്ടിനും ഒൻപതിനുമിടയിൽ പുനഃക്രമീകരിക്കണമെന്ന ആവശ്യത്തിനും റെയിൽവേ അധികൃതർ ചെവികൊടുത്തിട്ടില്ല.
കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അടക്കം ജോലി നോക്കുന്ന നൂറുകണക്കിനു യാത്രാക്കാർക്കും മറ്റു സംവിധാനങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. എംപിമാരും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ മൗനം തുടരുന്നതു ദുരൂഹമാണെന്നും യാത്രക്കാർ ആരോപിക്കുന്നു.