വടക്കഞ്ചേരി: പ്രളയത്തിൽനിന്നും രക്ഷപ്പെടാനുള്ള രോദനങ്ങൾക്ക് അപ്പുറമാകുകയാണ് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനകൾ. കഴിഞ്ഞദിവസങ്ങളിലായി തുടരുന്ന കനത്തചൂടിൽ ജലസ്രോതസുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുവരികയാണ്.
പച്ചക്കറി, നെല്ല് തുടങ്ങിയ ഹ്രസ്വകാല വിളകളെയെല്ലാം ചൂട് ദോഷകരമായി ബാധിച്ചുതുടങ്ങി. ജലാംശം നഷ്ടപ്പെട്ട് കൃഷിയിടങ്ങൾ ഉണക്കത്തിലായി. ഉച്ചസമയം പുറത്തിറങ്ങാനാകാത്ത വിധമാണ് ചൂട് അനുഭവപ്പെടുന്നത്. രാത്രിയിൽ ചെറിയ തണുപ്പും പകൽസമയത്തെ കഠിനമായ ചൂടും പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നു.