കാണാം, നഗരനടുവില്‍ പക്ഷിസങ്കേതം

സിജോ പൈനാടത്ത്

1877

കൊച്ചി: ബഹളങ്ങളൊഴിയാത്ത മെട്രോ നഗരത്തിനുള്ളില്‍ ഹരിതാഭമായ പക്ഷിസങ്കേതം. സംശയിക്കണ്ട, പ്രകൃതിയുടെ വശ്യമായ സൗന്ദര്യക്കാഴ്ചകള്‍ ലഹരിയാകുന്നവര്‍ക്കു കൊച്ചി നഗരമധ്യത്തിലെ മംഗളവനത്തിലേക്കു വരാം. കണ്‍കുളിര്‍ക്കെ കാഴ്ചകള്‍ കാണാം.

ബഹുനിലമന്ദിരങ്ങള്‍ക്കും നഗരത്തിരക്കുകള്‍ക്കും വിളിപ്പാടകലെ സ്വാഭാവികവനത്തിന്‍റെ ഊഷ്മളസൗന്ദര്യം നുകരാം. കൊച്ചിയുടെ ഹരിതശ്വാസകോശം എന്നാണു മംഗളവനത്തിനു വിശേഷണം. ഹൈക്കോടതിക്കു പിന്‍ഭാഗത്ത് 2.74 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മംഗളവനം കേരളത്തില്‍ നഗരാതിര്‍ത്തിക്കുള്ളിലുള്ള ഏക പക്ഷിസങ്കേതം കൂടിയാണ്.

കണ്ടല്‍കാടുകളും മരങ്ങളും വള്ളിച്ചെടികളും ജലാശയങ്ങളും സമന്വയിക്കുന്ന ഈ ഹരിതവനത്തെ 2004 ഓഗസ്റ്റ് 31നാണു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. 103 ഇനം പക്ഷികള്‍ മംഗളവനത്തിലുണ്ട്. 17 ഇനം ചിത്രശലഭങ്ങള്‍, 51 ഇനം ചിലന്തികള്‍. ദേശാടന പക്ഷികള്‍ക്കും മംഗളവനം ആവാസകേന്ദ്രം. വ്യത്യസ്ത ഇനത്തില്‍പ്പെട്ട അനവധി മരങ്ങളും ചെടികളും ഇവിടെയുണ്ട്. നിലവില്‍ മംഗളവനമായി സംരക്ഷിക്കപ്പെടുന്ന പ്രദേശത്തു പണ്ട് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മരം ഡിപ്പോയാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഫെറി സൗകര്യം കണക്കിലെടുത്താണു 1981 വരെ ഈ സ്ഥലം മരം ഡിപ്പോയായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ സംസ്ഥാന വനം, വന്യജീവി വകുപ്പിന്‍റെ നിയന്ത്രണത്തിലാണു മംഗളവനം. ഇവിടം സന്ദര്‍ശിക്കാനും പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിപഠനത്തിനും വിനോദത്തിനുമായി നൂറുകണക്കിനു സഞ്ചാരികളാണു ദിവസവും എത്തുന്നത്.

പ്രകൃതിസഹവാസ ക്യാന്പുകള്‍ക്കുള്ള സൗകര്യങ്ങള്‍, പക്ഷിനിരീക്ഷണത്തിനായി വാച്ച് ടവറുകള്‍, ക്ലാസ് മുറികള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും മംഗളവനത്തിലുണ്ട്. രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം ആറുവരെ മംഗളവനം സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യം. ഫോണ്‍: 04842468680.

Related posts