കൊച്ചി: നഗരത്തിലെ അംബരചുംബികളായ കോണ്ക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ അസഹനീയ ചൂടിൽ ആശ്വാസമായി പ്രകൃതിയുടെ ഹരിതാഭമായ മേലാപ്പ്. അതാണ് നഗര ഹൃദയഭാഗത്ത് ഏഴര ഏക്കറിൽ സ്ഥിതി ചെയ്യുന്ന കൊച്ചിയുടെ ഹരിതകോശമായ മംഗളവനം. പ്രകൃതിയുടെ വശ്യമായ സൗന്ദര്യ കാഴ്ചകൾക്കൊപ്പം അപൂർവയിനം പക്ഷികളുടെ അജൈവമായ ആവാസസ്ഥലംകൂടിയാണ് ഇവിടം.
നഗരവത്കരണം പച്ചപ്പിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്പോൾ ജൈവവൈവിധ്യത്തിന്റെ നഗരത്തിലെ അവസാന ശ്വാസമായി നിലകൊള്ളുന്ന മംഗളവനത്തെ സംരക്ഷിക്കാനുള്ള ദൗത്യംകൂടിയാണ് ലോക ജൈവവൈവിധ്യദിനത്തിൽ കൊച്ചിയെ ഓർമപ്പെടുത്തുന്നത്. കേരള ഹൈക്കോടതിക്കു പിന്നിലായി വ്യാപിച്ചുകിടക്കുന്ന മംഗളവനം കേരളത്തിൽ നഗരാതിർത്തിക്കുള്ളിലുള്ള ഏക പക്ഷിസങ്കേതം കൂടിയാണ്.
ഒട്ടേറെ പുതിയ പദ്ധതികൾ വനംവകുപ്പും കൊച്ചി കോർപറേഷനുമൊക്കെ നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും പ്രായോഗികമായ തടസങ്ങളിൽ കുടുങ്ങി അവയൊക്കെ പാതിവഴിയിൽ നിലച്ച അവസ്ഥയാണ്. അപൂർവയിനം കണ്ടൽചെടികളാൽ സമൃദ്ധമായ മംഗളവനത്തിൽ കൈത്തോടുകൾ നവീകരിച്ച് സന്ദർശകർക്കായി പെഡൽ ബോട്ടിംഗ് ആരംഭിക്കാനുള്ള പദ്ധതിയായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ഇരുവശവും മുളഭിത്തികൾ തീർത്ത് ചെളി കോരിമാറ്റി തോടിന് ആഴം കൂട്ടാനായിരുന്നു ആദ്യശ്രമം.
പക്ഷേ ചെളി നീക്കം ചെയ്യുന്നതിന് ജെസിബി ഉപയോഗിക്കണമെന്ന കരാറുകാരന്റെ പിടിവാശിയെത്തുടർന്ന് നവീകരണം പാതിവഴിയിൽ നിലച്ചു. യന്ത്രത്തിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ഇവിടെത്തുന്ന പക്ഷികൾക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാൽ ജെസിബി പ്രവേശിപ്പിക്കാനാകില്ലെന്ന് വനംവകുപ്പും നിലപാടെടുത്തു.
ഇതോടെ രണ്ടു മാസം മുൻപ് ആരംഭിച്ച പദ്ധതി മുടങ്ങി. കൊച്ചി കോർപറേഷനായിരുന്നു പദ്ധതിക്കായി പണം മുടക്കാൻ തയാറായത്. മംഗളവനത്തിന്റെ വടക്കു ഭാഗത്തായി 200 മീറ്ററിൽ നടപ്പാത നിർമിക്കാനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ടെങ്കിലും വിവിധ സർക്കാർ ഏജൻസികളുടെ അനുമതി ആവശ്യമാണ്.
കോണ്ക്രീറ്റ് നിർമിതികൾ മംഗളവനത്തിനുള്ളിൽ പാടില്ലാത്തതിനാൽ മുള ഉപയോഗിച്ചുള്ള നടപ്പാതയാണ് നിർമിക്കാൻ ആലോചിക്കുന്നത്. ഇതിന് ചെലവ് കൂടുതലാകും. കൂടാതെ ത്രീ ഡി ഇക്കോ സിസ്റ്റം ഒരുക്കുന്നതിനും ഇക്കോ ഷോപ്പ് തുടങ്ങുന്നതിനുമുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനൊക്കെ ആദ്യം മംഗളവനം അഡ്വൈസറി കമ്മിറ്റിയുടെയും പിന്നീട് വനം വകുപ്പിന്റേയും അനുമതി വേണമെന്ന് മംഗളവനത്തിന്റെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ എം.എസ്. മനു പറഞ്ഞു.
പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിപഠനത്തിനും വിനോദത്തിനുമായി നൂറുകണക്കിനു സഞ്ചാരികളാണ് ദിവസവും എത്തുന്നത്. വനം, വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലാണു മംഗളവനം. രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ മംഗളവനം സന്ദർശിക്കാം. പ്രവേശനം സൗജന്യം. ഫോൺ: 04842468680.