മംഗളൂരു: നഗരത്തിലെ സാമുദായിക ചേരിതിരിവുള്ള മേഖലകളില്‍ സ്ഫോടന പരമ്പരകള്‍ സൃഷ്ടിച്ച് വീണ്ടും കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണു കഴിഞ്ഞദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിനു പിന്നിലെന്നു സൂചന.
മറ്റൊരു സമുദായത്തിനു മേല്‍ക്കൈയുള്ള സ്ഥലത്തു സ്ഥാപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന സ്ഫോടകവസ്തുവാണ് ഓട്ടോറിക്ഷയില്‍വച്ച് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കങ്കനാടിക്കു സമീപം ഗരോഡിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോയിലെ യാത്രക്കാരന് ഷിമോഗ സ്വദേശി ഷെരീഖ് (28), ഡ്രൈവര്‍ പുരുഷോത്തമ (37) എന്നിവര്‍ക്ക് പൊള്ളലേറ്റിരുന്നു.
ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലുള്ള ഷെരീഖിന്റെ നില ഗുരുതരമായി തുടരുകയാണ്. പോലീസിന് ഇയാളുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്‍ഐഎയില്‍ നിന്നുള്ള നാലംഗ സംഘം ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റ ഷെരീഖിന്റെ മൈസൂരുവിലുള്ള വാടകവീട്ടിലും അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി.
അടുത്തിടെ ഷെരീഖ് കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്കു യാത്ര നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ അടുത്തിടെ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായും ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം സംശയിക്കുന്നു.
അവിടെ ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.2020 ല്‍ മംഗളൂരുവില്‍ തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ട ചുവരെഴുത്തുകള്‍ നടത്തിയ സംഭവത്തില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ഷെരീഖ്.
പ്രേംരാജ് കനോഗി എന്ന പേരിലുള്ള ഒരു ആധാര്‍ കാര്‍ഡ് ഇയാളുടെ പക്കല്‍നിന്നു ലഭിച്ചിരുന്നു. ഇത് ഹൂബ്ലി സ്വദേശിയായ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ ആധാര്‍ കാര്‍ഡാണെന്നു പിന്നീടു കണ്ടെത്തി.
മൈസൂരുവിലുള്ള വീടും മറ്റൊരാളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് വാടകയ്ക്കെടുത്തത്.ഷെരീഖിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് സ്ഫോടനമുണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പ്രഷര്‍ കുക്കറിന്റെയും രണ്ടു ബാറ്ററികളുടെയും നട്ടും ബോള്‍ട്ടും വയറുകളുമുള്പ്പെടെയുള്ള സാമഗ്രികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.