മംഗളൂരു: പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ. ഇന്നു രാവിലെ സിറ്റി പോലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലാണു മാധ്യമപ്രവർത്തകരെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. 24 ന്യൂസ്, മീഡിയ വണ് എന്നീ ചാനലുകളിലെ റിപ്പോർട്ടർമാരും കാമറമാൻമാരും ന്യൂസ്18 ചാനലിലെ കാമറമാനും കസ്റ്റഡിയിലാണ്.
വെന്റ് ലോക്ക് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർമാരും കാമറാമാൻമാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.
കർഫ്യൂ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകർ ആശുപത്രി പരിസരത്ത് നിന്ന് കടന്നുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
തുടർന്ന് ലൈവ് റിപ്പോർട്ടിങ് തടസപ്പെടുത്തുകയും ചാനലുകളുടെ കാമറകളും റിപ്പോർട്ടർമാരുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. അംഗീകാരമില്ലാത്ത മാധ്യമപ്രവർത്തകർക്ക് മംഗളൂരുവിൽ റിപ്പോർട്ടിംഗ് അനുവദിക്കില്ല. മലയാളി മാധ്യമപ്രവർത്തകർ സംസ്ഥാനം വിട്ടു പോകണമെന്നും പോലീസ് ആവശ്യപ്പെട്ടു.
മലയാളി മാധ്യമപ്രവർത്തകർ വൈകുന്നേരം വരെ കമ്മീഷണർ ഓഫീസിൽ ഇരിക്കണം. ഇതിന് തയാറല്ലെങ്കിൽ മാധ്യമസംഘത്തെ കേരള -കർണാടക അതിർത്തിയായ തലപ്പാടിയിൽ കൊണ്ടുവിടുമെന്നും പോലീസ് പറഞ്ഞു.
രേഖകൾ ഇല്ലാത്തവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
തമിഴ്, തെലുങ്ക് മാധ്യമപ്രവർത്തകരെയും പോലീസ് തടഞ്ഞിട്ടുണ്ട്. കേരളാ പോലീസ് കർണാടക പോലീസുമായി ബന്ധപ്പെട്ട് സ്ഥിഗതികൾ വിലയിരുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ഉടനെ വിട്ടയ്ക്കുമെന്നാണ് സൂചന.
കനത്ത സുരക്ഷ
ഇന്നലത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധങ്ങൾ ഉണ്ടാവാനിടയുണ്ടെന്ന സൂചനയെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലത്തെ സംഘർഷത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരെ പാണ്ഡവപുര സ്റ്റേഷനിൽ ചോദ്യംചെയ്യുകയാണ്. ഇന്നലത്തെ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നയാളുടെ നില ഗുരുതരമായി തുടരുന്നു.
പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ രാവിലെ പോസ്റ്റ്മോർട്ടം ചെയ്യും.
മംഗളൂരുവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരം പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ രാവിലെ 10 മണിയോടെ എഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഇന്നലത്തെ സംഘർഷത്തിൽ പരിക്കേറ്റ 20 പോലീസുകാർ ചികിത്സയിൽ കഴിയുകയാണെന്ന് പോലീസ് വ്യക്തമാക്കി. ദക്ഷിണ കാനറയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് അർധരാത്രിവരെയാണ് കർഫ്യൂ. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. നാളെ ബിഹാറിൽ ബന്ദിന് ആർജെഡി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡൽഹിയിലും ജാമിയ മിലിയായിലും പ്രതിഷേധം ശക്തമാണ്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെയുണ്ടായത്. ഇന്നും പ്രതിഷേധങ്ങൾ ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് ഉദ്യോഗസ്ഥർ.