കോഴിക്കോട് : മംഗളൂരു ബോട്ടപകടത്തിന് കാരണം കപ്പല്‍ ബോട്ടിലിടിച്ചതാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. ബോട്ട് കപ്പല്‍ ചാലിലേക്ക് കയറിയിട്ടില്ല.
കൂടാതെ സംഭവസമയം സ്രാങ്ക് ഉറങ്ങി പോയതാണെന്ന പ്രചാരണം തെറ്റാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
കപ്പല്‍ ബോട്ടിലിടിക്കുന്ന സമയത്ത് സ്രാങ്ക് ബോട്ട് നിയന്ത്രിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നുണ്ട്.
സംഭവസമയത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. മഴയെതുടര്‍ന്ന് സ്രാങ്കിന് ദൂരത്തേക്കുള്ള കാഴ്ചയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു.
എന്നാല്‍ റഡാര്‍ സംവിധാനമടക്കമുള്ള കപ്പല്‍ ഗതിമാറ്റാതെ ബോട്ടില്‍ വന്നിടിക്കുകയായിരുന്നുവെന്നും ബോട്ടുടകള് അറിയിച്ചു.
കപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മത്സ്യതൊഴിലാളികളുടെ വീഴ്ചയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കാണാതായ തൊഴിലാളികളെ കണ്ടെത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഓള് കേരള ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലില്‍ പ്രേമന് ആവശ്യപ്പെട്ടു.
അതേസമയം കാണാതായ ഒന്‍പത് മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി ഇന്നും പരിശോധന തുടരുന്നുണ്ട്. മഴപെയ്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ക്യാബിനിലുള്ളിലേക്ക് കയറിയിരുന്നു.
കപ്പല്‍ ബോട്ടിലിടിച്ചതോടെ നിയന്ത്രണം വിടുകയും ക്യാബിനിലുള്ളിലുള്ളവര് അവിടെ തന്നെ കുടുങ്ങി പോവാനുമാണ് സാധ്യതയെന്ന് ബോട്ടുടമകള്‍ വ്യക്തമാക്കി.
ബോട്ടിനുള്ളില്‍ കയറി പരിശോധിക്കാന്‍ മുങ്ങല്‍ വിദഗ്ധരും കോസ്റ്റ്ഗാര്‍ഡും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
ബോട്ട് മുങ്ങിയാല്‍ അതിനുള്ളിലെ വല വെള്ളത്തില്‍ മുഴുവനായും നിറഞ്ഞു നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാറുണ്ട്. അതേസമയം ബോര്‍ട്ട് ഇപ്പോള്‍ പൂര്‍ണമായും കടലിനടിയിലേക്ക് താഴ്ന്നിട്ടുണ്ട്.
മംഗളൂരു പുകംകടലില് നിന്ന് 51 നോട്ടിക്കല്‍മൈല്‍ അകലെയാണ് അപകടമുണ്ടായത്.
ഇവിട 70 മീറ്റര്‍ ആഴമുണ്ട്. കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡും ഫിഷറീസും ഉര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ട്.
കാസര്‍ഗോഡ് നിന്നുള്ള കോസ്റ്റല്‍ പോലീസും കേരള തീരത്ത് 12 നോട്ടിക്കല്‍ മൈല്‍ അകലെ പരിശോധന നടത്തുന്നുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടാവുന്നത്. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു.
രണ്ടു പേരെ രക്ഷപ്പെടുത്തി. തമിഴ്നാട് കുളച്ചല്‍ സ്വദേശിയും ബോട്ടിലെ സ്രാങ്കുമായ അലക്സാണ്ടര്‍ (41), ബംഗാള്‍ സ്വദേശി മാണിക്ദാസ് (32), അലക്സാണ്ടറിന്റെ അമ്മാവന് ദാസ് (50) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് അയച്ചു. ബേപ്പൂര്‍ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ള ‘റബാ’ ബോട്ടാണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണ നടപടികള്‍ ജലരേഖകളായി
സിജോ പൈനാടത്ത്
കൊച്ചി: കപ്പലുകളില്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിക്കുന്നതു തുടര്‍ക്കഥയാകുമ്പോൾ അത്തരം അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ജലരേഖകളാവുന്നു.
കപ്പൽ-ബോട്ട് കൂട്ടിയിടികള്‍ കുറയ്ക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം 2018ല്‍ നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ ഇനിയും നടപ്പായില്ല.
കപ്പല്‍ വരുന്നതു ദൂരെനിന്ന് അറിയാനുള്ള സംവിധാനങ്ങള്‍ ബോട്ടുകളില്‍ സ്ഥാപിക്കുമെന്നു കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും വ്യത്യസ്ത ചാലുകള്‍ നിശ്ചയിക്കാനും നിര്ദേശമുണ്ടായിരുന്നുവെന്നു കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി ഗോപാല്‍ കൃഷ്ണ അന്ന് വ്യക്തമാക്കിയിരുന്നതാണ്.
ബോട്ടുകള്‍ നിയന്ത്രിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇതു സംബന്ധിച്ച ബോധവത്കരണം നടത്താനുള്ള തീരുമാനവും നടപ്പായില്ല.
ചുഴലിക്കാറ്റിന്റെ വരവിനെക്കുറിച്ചുള്ള സൂചനകള്‍ അറിയാന്‍ മത്സ്യബന്ധന ബോട്ടുകളില്‍ മാര്‍ഗങ്ങളുള്ളപ്പോൾ, കപ്പലുകള്‍ വരുന്നതു മുന്‍കൂട്ടി അറിയാന്‍ സംവിധാനങ്ങളില്ലാത്തതു ആശങ്കയുണ്ടാക്കുന്നതാണ്.
2018 ഓഗസ്റ്റ് ഏഴിനു മുനമ്പത്തുനിന്നു കടലില്‍ പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഷിപ്പിംഗ് മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എം.വി. ദേശ് ശക്തി ചരക്കുകപ്പല്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയിരുന്നു. മംഗളൂരു തുറമുഖത്തു നിന്നാണ് കപ്പല്‍ പിടികൂടിയത്. ക്യാപ്റ്റനടക്കം മൂന്നു പേരെ സംഭവത്തില്‍ അറസ്റ്റു ചെയ്തിരുന്നു.
2017 ജൂണ്‍ 17നു സമാനമായ അപകടത്തില്‍ രണ്ടു പേരാണു മരിച്ചത്. ബോട്ടിലിടിച്ച പാനമ രജിസ്ട്രേഷനിലുള്ള എംവി ആംബര്‍ ചരക്കുകപ്പലിലെ ക്യാപ്റ്റനുള്‍പ്പടെ മൂന്നു പേരെ തീരസംരക്ഷണസേന അറസ്റ്റു ചെയ്തിരുന്നു.
തീരക്കടലില്‍ നങ്കൂരമിട്ടിരുന്ന കൊച്ചിയില്‍ നിന്നുള്ള കാര്‍മല്‍ മാതാ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നു അസം, കുളച്ചല്‍ സ്വദേശികളായ മത്സ്യത്തൊഴിലാളികളാണു മരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 20നു നീണ്ടകര തീരത്തു ബ്രിട്ടീഷ് കപ്പലിടിച്ചു മത്സ്യബന്ധനബോട്ട് തകര്‍ന്നിരുന്നു.
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്നു പോയ മത്സ്യബന്ധനബോട്ടില്‍ മംഗലാപുരം തീരത്തു ചരക്കുകപ്പല്‍ ഇടിച്ചു മൂന്നു തൊഴിലാളികലാണു മരിച്ചത്.