കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിലെ ഗൃഹനാഥൻ പുത്തൻപുര രാജനെ(63) കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ക്രൈം ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ പ്രതിയും കൊല്ലപ്പെട്ട രാജന്റെ മകനുമായ കെ.അനൂപിനെ (36)യാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി.സുനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.
തെളിവെടുപ്പിന്റെ ഭാഗമായി ഇയാളെ അടുത്ത ദിവസം രാജന്റെ കരിയിലെ വീട്ടിലെത്തിച്ചും അന്വേഷണം നടത്തും. ചൊവ്വാഴ്ചയാണ് ഇയാളെ എട്ടു ദിവസത്തേക്ക് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.കഴിഞ്ഞ മാസം 27നാണ് അനൂപിനെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി.സുനു കുമാർ അറസ്റ്റു ചെയ്തത്.
2017 നവംബർ 22 ന് നടന്ന രാജന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. കുറ്റകൃത്യത്തിന് വാഹനമോ ആയുധങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ, പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.