ആറന്മുള: ആചാരപ്പെരുമയില്‍ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുടെ തോണിയാത്ര ഇന്ന്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണവിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി തോണിയേറി ആറന്മുളയിലെത്തുന്ന പരമ്പരാഗത ആചാരയാത്ര ഇന്നു രാത്രിയിലാണ് പമ്പാനദിയില്‍ നടക്കുന്നത്.
ഇന്നു വൈകുന്നേരം കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും ഭട്ടതിരി ആറന്മുളയിലേക്ക് പുറപ്പെടും. കോട്ടയം കുമാരനെല്ലൂരില്‍ താമസമാക്കിയിരിക്കുന്ന മങ്ങാട്ട് ഇല്ലത്തെ നാരായണഭട്ടതിരി തിരുവോണത്തോണിയേറുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെട്ടിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ അറിയിപ്പ് തോണിയില്‍ ഭട്ടതിരി മീനച്ചിലാറും വേമ്പനാട് കായലും കടന്ന് പമ്പയിലൂടെ തുഴഞ്ഞ് ഇന്നു രാവിലെ ആറന്മുളയിലും തുടര്‍ന്ന് ഉച്ചയോടെ കാട്ടൂരിലെത്തും. കാട്ടൂരിലെത്തുന്ന ഭട്ടതിരിക്ക് ആചാരങ്ങളോടെ വരവേല്പ് ലഭിക്കും. തുടര്‍ന്ന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് ശേഷമാണ് തിരുവോണത്തോണി ആറന്മുളയിലേക്ക് തിരിക്കുന്നത്.
ഭഗവാന് ഓണ വിഭവങ്ങള്‍ നല്‍കുന്ന കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും ഭട്ടതിരിയോടൊപ്പം തിരുവോണ തോണിയിലുണ്ടാകും. ആറന്മുള പള്ളിയോടങ്ങളും തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് പകരാനുള്ള ദീപവും തിരുവോണ വിഭവങ്ങളോടൊപ്പം തോണിയിലേക്കു കൈമാറും. തോണിയെ യാത്രയയ്ക്കാന്‍ നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തും. പമ്പയിലൂടെയുള്ള തോണിവരവ് കാണാന്‍ ഉത്രാടനാള്‍ രാത്രിയില്‍ തീരങ്ങളിലുള്ളവര്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കും.
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനു തുടക്കം കുറിച്ച പരമ്പരാഗത യാത്രയായി വിശേഷിപ്പിക്കുന്ന തിരുവോണത്തോണിയാത്ര പമ്പയുടെ ഇരുകരകളിലുമുള്ളവര്‍ മണ്‍ചിരാതുകള്‍ തെളിച്ചാണ് സ്വീകരിക്കുന്നത്.തിരുവോണനാള്‍ പുലര്‍ച്ചെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന മങ്ങാട്ട് ഭട്ടതിരിയെ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ സ്വീകരിക്കും. തോണിയില്‍ നിന്നുള്ള ദീപം ആറന്മുള ക്ഷേത്രത്തിലെ വിളക്കിലേക്ക് പകരും. തുടര്‍ന്ന് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കും. തിരുവോണ ത്തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്താണ് തിരുവോണ സദ്യ ഒരുക്കുന്നത്.
ഐതിഹ്യം ഇങ്ങനെ
ഐതിഹ്യപ്പെരുമയാണ് തിരുവോണത്തോണിക്കൊപ്പം തുഴയുന്നത്. പണ്ട് ആറന്മുളയ്ക്കടുത്ത് കാട്ടൂരില്‍ മാങ്ങാട്ട് എന്ന ഒരു ഇല്ലം ഉണ്ടായിരുന്നു. ആറന്മുളയപ്പന്റെ ദേശ വാഴിയായ മങ്ങാട് ഭട്ടതിരി എല്ലാ വര്‍ഷവും തിരുവോണ നാളില്‍ കാല്‍ കഴുകിചൂട്ട് എന്ന ചടങ്ങ് നടത്തിയിരുന്നു. ഒരു തവണ കാലുകഴിച്ചൂട്ടിനു ആരും വരാതിരുന്നപ്പോള്‍ അച്ഛന്‍ തിരുമേനി ആറന്മുളയപ്പനെ മനംനൊന്തു പ്രാര്‍ഥിച്ചു, ഉടന്‍ തന്നെ ഒരു ബാലന്‍ വരികയും സദ്യ കഴിക്കുകയും ചെയ്തു.
അന്നേ ദിവസം രാത്രി തിരുമേനിയ്ക്ക് സ്വപ്ന ദര്‍ശനമുണ്ടായി. ബാലന്‍ പറഞ്ഞു,
ഇനി മുതല്‍ എനിക്കുള്ളത് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചാല്‍ മതി. അങ്ങനെയാണ് പ്രസിദ്ധമായ തിരുവോണ തോണിയുടെ ആവിര്‍ഭാവം. ഒരിക്കല്‍ അയിരൂരില്‍ തോണി എത്തിയപ്പോള്‍ കോവിലന്‍മാര്‍ ഭട്ടതിരിയെ ആക്രമിച്ചു. കരക്കാര്‍ കൊതുമ്പ് വള്ളങ്ങളില്‍ എത്തി ശത്രുക്കളെ തുരത്തി. പിന്നീട് നാട്ടുകാര്‍ ഭട്ടതിരിയെ അനുഗമിക്കുന്നത് പതിവായി. കൊതുമ്പ് വള്ളങ്ങളാണ് പിന്നീട് പള്ളിയോടങ്ങളായി മാറിയത്. മങ്ങാട്ട് ഇല്ലം ഇപ്പോള്‍ കോട്ടയം കുമാരനല്ലൂരിലേക്കു താമസം മാറ്റിയെങ്കിലും ഇല്ലത്തെ മുതിര്‍ന്ന ഭട്ടതിരി തന്നെ ആചാരനിര്‍വഹണത്തിനായി എല്ലാവര്‍ഷവും ആറന്മുളയിലെത്തുന്നു.