മംഗളൂരു: വരനെ ആദിവാസി ദൈവസങ്കല്പമായ “കൊറഗജ്ജ’യുടെ വേഷംകെട്ടിച്ച് വിവാഹഘോഷയാത്ര നടത്തിയതിനെതിരേ പോലീസ് കേസ്.
കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ മുസ്ലിം യുവാവിനെയാണ് കൂട്ടുകാര്‍ കൊറഗജ്ജയുടെ വേഷം കെട്ടിച്ചത്.
ഇത് തങ്ങളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കൊറഗ സമുദായ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
വരന് ഉമറുള്ള ബാസിത്തിനും കര്‍ണാടകയിലെ ബണ്ട്വാള്‍ ജില്ലയിലെ സാലേത്തൂര്‍ സ്വദേശികളായ വധുവിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെയാണ് വിട്ടല്‍ പോലീസ് കേസെടുത്തത്.
മതവികാരം വ്രണപ്പെടുത്തിയതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
വ്യാഴാഴ്ച രാത്രിയാണ് ബാസിത്തിനെ കവുങ്ങിന്‍പാള കൊണ്ടുള്ള തൊപ്പിയും ഇലകള്‍ കോര്‍ത്ത മാലയുമടക്കമുള്ള പരമ്പരാഗത ആദിവാസി വേഷം ധരിപ്പിച്ച് കളിയായി വിവാഹഘോഷയാത്ര നടത്തിയത്.
കൂട്ടുകാര്‍ വരനു ചുറ്റുംനിന്ന് ആഭാസകരമായ രീതിയില്‍ നൃത്തംവയ്ക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കൊറഗ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വധുവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
വരനും ഒപ്പമുണ്ടായിരുന്നവരും കാസര്‍ഗോഡ് ജില്ലക്കാരായതിനാല്‍ കൊറഗ സംഘടനകള്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.