മൂവാറ്റുപുഴ: കാർബൈഡു ചേർത്തു പഴുപ്പിച്ച മാമ്പഴങ്ങൾ വ്യാപകമാകുന്നു. മൂവാറ്റുപുഴയിൽ ഇന്നലെ മാത്രം ഇത്തരം മാമ്പഴങ്ങൾ കഴിച്ചു ഛര്‍ദ്ദിലും മറ്റ് അസ്വസ്ഥതകളുമായി നാലു കുട്ടികളെയാണു വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
കാർബൈഡ് ചേർത്തു പഴുപ്പിച്ച മാമ്പഴങ്ങൾ മൂവാറ്റുപുഴയിൽ വ്യാപകമായി വിൽക്കുന്നതായി ഡോക്ടർമാർ തന്നെ നേരിട്ടു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചുവെങ്കിലും ഇവർ പരിശോധനയ്ക്കു പോലും തയാറാകുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്.
മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളിലാണ് ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ അസ്വസ്ഥതകൾ പ്രകടമാകുന്നത്. മാമ്പഴവും ഓറഞ്ചും കഴിച്ചു കഴിഞ്ഞാൽ വായിലെ തൊലിപോകുന്നതും കുട്ടികളിൽ ഛർദ്ദിയുണ്ടാകുകയും ചെയ്യുമ്പോഴാണ് ഇവയിൽ രാസവസ്തുക്കൾ ചേർന്നിട്ടുണ്ടെന്നു വ്യക്തമാകുന്നത്.
ഇതു പലരും കാര്യമായെടുക്കാത്തതിനാൽ പഴങ്ങളിലെ രാസവസ്തു പ്രയോഗം തുടരുന്നതിന് കാരണമാകുന്നുണ്ട്. കാൽസ്യം കാർബൈഡിന്റെയൊപ്പം അസെറ്റൈൽ ഗ്യാസും ചേർത്ത് പഴങ്ങളിൽ സ്പ്രേ ചെയ്യുന്നതാണ് വായിലെ തൊലി പോകുന്നതിനും വായ്പുണ്ണിനും വായുകോപത്തിനുമൊക്കെ കാരണമാകുന്നതെന്ന് വിദഗ്ധർ പറയുന്നു.
പഴങ്ങൾ എളുപ്പത്തിൽ പാകമാകാനും കേടുവരാതെ അധികകാലം നിൽക്കുന്നതിനും വേണ്ടിയാണു കാൽസ്യം കാർബൈഡും,അസൈറ്റൈൽ ഗ്യാസും ഉപയോഗിക്കുന്നത്. ഇതിനെതിരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്താൻ മടിക്കുന്നതും ഇതിനു പ്രോത്സാഹനമാകുന്നുണ്ട്.
കാര്‍ബൈഡും വെള്ളവും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിന്റെ ഫലമായി അസെറ്റിലിന്‍ വാതകവും പലതരം ഓക്സൈഡുകളും രൂപം കൊള്ളുകയും ഈ കടുത്ത ചൂടില്‍ മാങ്ങ പുറമേയ്ക്ക് പഴുക്കുകയുമാണു ചെയ്യുന്നത്. കാര്‍ബൈഡിന്റെ സാന്നിധ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും നാഡീവ്യൂഹത്തെയുമെല്ലാം കാര്യമായി ബാധിക്കും.