കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കുന്നതു കോടതി ഇന്നത്തേക്ക് മാറ്റി.
വിഷയത്തിൽ കോടതി ആവശ്യപ്പെട്ട പ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്നാണ് പോലീസ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലുള്ളത്. കേസ് പിൻവലിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നുകാട്ടി പരാതിക്കാരനായ കെ.എം. വെജിറ്റേബിൾസ് ഉടമ നാസർ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ഇത് പരിഗണിച്ച കോടതി സംഭവത്തിൽ പോലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പോലീസുകാരനെതിരേയുള്ള മറ്റു കേസുകൾകൂടി ഉയർത്തിക്കാട്ടിയാണ് പോലീസിന്റെ റിപ്പോർട്ടെന്നാണ് സൂചന.മുണ്ടക്കയം സ്റ്റേഷനിൽ പ്രതിയായ പോലീസുകാരനെതിരേ പീഡനക്കേസടക്കം നിലവിലുണ്ട്.
ഇതടക്കം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇന്നു തന്നെ വിഷയത്തിൽ അന്തിമ വിധിയുണ്ടായേക്കും.
കഴിഞ്ഞ മാസം നടന്ന മോഷണത്തിനു പിന്നാലെ ഒളിവിൽ പോയ ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ പി.വി. ഷിഹാബ് ഇപ്പോഴും ഒളിവിൽതന്നെ തുടരുകയാണ്.
സംഭവത്തിന് പിന്നാലെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത ഇയാളെ പിടികൂടാൻ പോലീസ് ശ്രമം തുടരുന്നതിനിടയിലാണ് ഒത്തുതീർപ്പ് അപേക്ഷയുമായി വ്യാപാരി കോടതിയെ സമീപിച്ചിരിക്കുന്നത്.