കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിയ മാങ്ങാക്കള്ളനായ പോലീസുകാരന് ഷിഹാബിനെ പിടികൂടാനാകാതെ വലഞ്ഞ് പോലീസ്.
ഏതു പ്രതിയെയും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ മാങ്ങാക്കള്ളന് ഒളിവില്‍ കഴിയുന്നത് ചില ഏമാന്മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോള്‍ അവരെ കുറ്റം പറയാനാകില്ല.
മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങുമെന്ന് തീര്‍ച്ചയാണ്. അതുവരെ ഒളിവ് ജീവിതം തുടരും.
ആളും പേരുമില്ലാത്ത പൊതുവഴിയില്‍ കുട്ടയില്‍ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചു വീട്ടില്‍ കൊണ്ടു പോയ പാവത്തിനെ കള്ളനെന്നു വിളിക്കാനുള്ള ഹൃദയകഠോരത തങ്ങള്‍ക്കില്ലെന്നാണ് പോലീസ് പറയുന്നത്.
കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളന് പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി.
കട ഉടമ വച്ച സിസിടിവി കാമറയില്‍ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞില്ലായിരുന്നെങ്കില്‍ കുറെ പാവങ്ങളുടെ എല്ല് വെള്ളമായേനെ.
മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാര്‍ത്താവുന്ന കുറ്റമല്ല . സ്റ്റേഷന് ജാമ്യത്തില്‍ എളുപ്പത്തില്‍ പുറത്ത് ഇറങ്ങാമെന്ന കുറ്റമേയുള്ളൂവെങ്കിലും മോഷണം തെളിവ് സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് പ്രശ്നമായി സസ്പെന്‍ഷനില്‍ കലാശിക്കാന്‍ കാരണം.
ഷിഹാബ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ മുമ്പേ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ നഴ്സിനെ വിവാഹ വാഗ്ദാന നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു ഇയാള്‍.
റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇവരെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും ശ്രമിച്ച കേസിലും പ്രതിയാണ് .
ഡ്യൂട്ടിയിലല്ലാത്തപ്പോഴും പൊലീസ് വേഷത്തില്‍ നാട്ടുകാരെ വിരട്ടല്‍. ശബരിമല അയ്യപ്പനെ കാണാന്‍ ക്യൂവില്‍ നില്‍ക്കാതെ വി.ഐ.പി ദര്‍ശനം നടത്താന്‍ പിരിവ്, നിരവധി മാഫിയ ബന്ധം തുടങ്ങി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഉന്നതരുടെ സംരക്ഷണത്തില്‍ വിരാജിച്ചു പോന്ന ഷിഹാബിന് ഒടുക്കം കുടുക്കുവീണത് മാങ്ങയിലാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് സേനയില്‍ കൂടതലെന്ന് ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ അടുത്ത നാളില്‍ പറഞ്ഞിരുന്നു.
കേരളാ പോലീസില്‍ തീവ്രവാദ ബന്ധമുള്ളവരുടെ എണ്ണവും കൂടുന്നതായി അടുത്തിടെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
ആളുകളുടെ വിവരങ്ങള്‍ ഭീകരസംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്തതിന് സസ്പെന്ഷന് വാങ്ങിയ പോലീസുകാരുമുണ്ടെന്നതാണ് വാസ്തവം.