കല്ലടിക്കോട്: പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റോഡരികിലെ നാടൻ മാവുകൾ കോടാലിക്കൈ വീഴും മുന്പ് പൂത്തുലഞ്ഞു. കരിങ്കല്ലത്താണി മുതൽ താണാവ് വരെ റോഡ് വീതികൂട്ടൽ പണി പുരോഗമിക്കുന്ന സമയത്താണ് മാവുകൾ മുന്പെങ്ങുമില്ലാത്ത വിധം പൂത്തുലഞ്ഞത്.
ഇത്തവണ മാവുകൾ വൈകിയാണ് പൂത്തത്. ഇലകൾ പോലും കാണാത്ത വിധമാണ് പൂത്തിരിക്കുന്നത്. പൊതുവേ മാവുകൾ പൂക്കുന്നത് നവംബർ-ഡിസംബർ മാസങ്ങളിലാണ്. എന്നാൽ ഇത്തവണ ഫെബ്രുവരി മാസത്തിലാണ് മാവുകൾ പൂത്തിരിക്കുന്നത്.
ഒരിക്കലും പൂക്കാത്ത മാവുകൾ പോലും പൂത്തിരിക്കുകയാണ് ഇത്തവണ. മാവുകൾ ഇങ്ങനെ പൂത്ത കാലം ഉണ്ടായിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. പ്രളയവും കാലാവസ്ഥാവ്യതിയാനവും മാവുകൾ പൂവിടുന്നതിന് കാരണമായതായി പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ തണുപ്പും അനുബന്ധമായുണ്ടായ ചൂടും മാവ് പൂക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് മഴക്കാർ ഇല്ലാതെ തെളിഞ്ഞ വെയിൽ ലഭിച്ചതും മാവ് പൂക്കുന്നതിന് കാരണമായി തെളിച്ചം പ്രകാശ സംശ്ലേഷണത്തെ കൂട്ടുകയും പുഷ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു.
അന്തരീക്ഷത്തിലെ കാർബണ്ഡൈഓക്സൈഡ് വർദ്ധനവ് പ്രകാശ സംശ്ലേഷണത്തെ പരിപോഷിക്കുന്നുണ്ടെന്നും ഇത് പൂക്കൾ കൂടാൻ കരണമായതായും പറയുന്നു. മണ്ണാർക്കാട്-പാലക്കാട് റൂട്ടിൽ അൻപതോളം നാട്ടുമാവുകളുണ്ട്.
നേരത്തെ നൂറു കണക്കിന് മാവുകൾ ഉണ്ടായിരുന്നെങ്കിലും ഓരോ വർഷവും എണ്ണം കുറഞ്ഞു വന്നു. പുതിയതായി ഒന്നും വെച്ച് പിടിപ്പിക്കുകയും ചെയ്തില്ല. ഇപ്പോൾ റോഡ് വികസനം വരുന്പോൾ ഏതാണ്ടെല്ലാ നാടൻ മാവുകളും മുറിച്ചുമറ്റും.
സങ്കരയിനം മാവുകൾ വന്നതോടെ നാടൻ മാവുകൾ കൃഷിയിടങ്ങളിലും വീട്ടുപറന്പുകളിലും ഇല്ലാതായി അവശേഷിക്കുന്നവ റോഡരികിലെ മാവുകളാണ്. എന്നാൽ റോഡ് വീതി വരുന്നതോടെ ഇവയും ഇല്ലാതാവുകയാണ്.
പോഷകസന്പുഷ്ടവും അച്ചാർ പോലെയുള്ളവക്ക് ഉത്തമവുമായ നാടൻ മാങ്ങ നഷ്ടപ്പെടുക കൂടിയാണ് മാവുകൾക്ക് കോടാലി വീഴുന്നതോടെ സംഭവിക്കുന്നത്, വലിയ മരങ്ങളായ ഇവ തേവാങ്ക്, മരപ്പട്ടി, വെരുക്, വേഴാന്പൽ തുടങ്ങി വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്,
തച്ചന്പാറ കരിന്പ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള റോഡരികിലെ മാവുകളിൽ ഇത്തരം ജീവികൾ കൂടുതലുണ്ട്. വികസനക്കുതിപ്പിൽ ഈ ജീവികളുടെ നിലനിൽപ്പ് കൂടിയാണ് അവതാളത്തിൽ ആവുന്നത്.