കൊല്ലങ്കോട്: മാന്തോപ്പുകളിൽ വില കൂടിയ മാങ്ങകളുടെ മോഷണം പതിവാകുന്നതായി കർഷക പരാതി.കൊല്ലങ്കോട് പഞ്ചായത്ത് ഇടിച്ചിറ ചാറ്റിയോട് ഒന്നൂർപള്ളം സുരേഷിന്റെ തോപ്പിലും കഴിഞ്ഞ ദിവസം മാങ്ങ മോഷണം അരങ്ങേറി.
ഹിമവസന്ത്, ബങ്കനഹള്ളി ഇനത്തിൽപ്പെട്ട മാങ്ങകൾക്ക് കിലോയ്ക്ക് 400 രൂപയോളം വിലയുണ്ടെന്നാണ് വ്യാപാരികൾ പറഞ്ഞു. ഇത്തരം വിലകൂടിയ ഇനങ്ങളാണ് മോഷണം പോകുന്നത്.
രാത്രി സമയങ്ങളിൽ അനധികൃതമായി ഇത്തരം മാങ്ങകൾ പറിച്ച് സാമൂഹ്യ വിരുദ്ധർ കിട്ടിയ വിലയ്ക്കു വിൽക്കുന്നതായാണ് കർഷകന്റെ പരാതി.
കഴിഞ്ഞ ദിവസങ്ങളിൽ സുരേഷിന്റെ തോപ്പിൽ മോഷണം നടന്നതിനാൽ തൊഴിലാളിയെ നിയോഗിച്ച് രാത്രി കാവൽ നടത്തിവരികയാണ്.
കാവൽക്കാരെ വെച്ചതിൽ പ്രകോപിതരായവർ കത്തി കൊണ്ട് വളർച്ചയെത്താറായ മാങ്ങകളെ നശിപ്പിച്ചിട്ടുമുണ്ട്.
മുൻകാലലങ്ങളിൽ ജനുവരിയിലായിരുന്നു വിളവെടുപ്പ്.
കാലാവസ്ഥ വ്യതിയാനം കാരണം ഇത്തവണ മാർച്ച് ആദ്യവാരത്തിലും ഇതിനു സാധിച്ചിട്ടില്ല.മാവുകളിൽ ഇത്തവണ കായ്ഫലവും കുറഞ്ഞു. ഇതിനിടെ മോഷണവും കൂടിയാകുന്പോൾ കർഷകർ വെട്ടിലായിരിക്കുകയാണ്.
വിളവെടുപ്പ് മാസങ്ങളിലെങ്കിലും മാന്തോപ്പുകളിലേക്കുളള സഞ്ചാര യോഗ്യമായ പാതകളിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.