സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉന്തുവണ്ടിക്കാരന്റെ 30,000 രൂപയുടെ മാന്പഴങ്ങൾ പട്ടാപ്പകൽ മോഷ്ടിച്ച് ഡൽഹിയിലെ ആൾക്കൂട്ടം. വടക്കൻ ഡൽഹി ജഗത്പുരി സ്വദേശിയായ ഛോട്ടുവിന്റെ മാന്പഴങ്ങളാണ് വഴിയാത്രക്കാരും സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും ചേർന്നു കൈയിൽ കിട്ടിയതു വാരിയെടുത്ത് സ്ഥലംവിട്ടത്.
ഉന്തുവണ്ടി നിരത്തിൽ ഇടുന്നതു സംബന്ധിച്ചു തർക്കം നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഇതേക്കുറിച്ചു ഛോട്ടു പറയുന്നത് ഇങ്ങനെ: സ്കൂളിനടുത്തുവച്ച് ചില ആളുകൾ തമ്മിൽ സംഘർഷമുണ്ടായി. ഇതിനു പിന്നാലെ കുറച്ചുപേർ വന്ന് തന്നോട് ഉന്തുവണ്ടി മാറ്റിയിടാൻ പറഞ്ഞു. താൻ വണ്ടി മാറ്റിയിടാൻ മറ്റൊരു സ്ഥലം നോക്കി പോയി.
അതിനിടെ പഴയ സ്ഥലത്ത് പെട്ടികളിലാക്കി വെച്ചിരുന്ന മാന്പഴങ്ങൾ മോഷ്ടിക്കുകയായിരുന്നു. കച്ചവടക്കാരൻ സ്ഥലത്തില്ലെന്നു കണ്ട ആൾക്കൂട്ടം കൈയിലും കവറിലും ഹെൽമറ്റിലും വരെ മാമ്പഴം വാരിയെടുത്തു സ്ഥലംവിട്ടു.
സ്ഥലത്തുണ്ടായിരുന്ന ചിലർ ഇതു മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടതോടെയാണ് സംഭവം പുറത്തായത്. 30,000 രൂപ വിലവരുന്ന 15 പെട്ടി മാന്പഴങ്ങളാണ് നഷ്ടമായതെന്നു ഛോട്ടു പറയുന്നു.
സംഭവത്തെ ക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ തന്നെ ഈ നഷ്ടം നട്ടെല്ല് തകർത്ത അവസ്ഥയിലാക്കിയെന്നു ഛോട്ടു പറഞ്ഞു.