മങ്കൊന്പ്: ലക്ഷങ്ങൾ മുടക്കി ഹൈടെക് സംവിധാനത്തിൽ നിർമിച്ച ബോട്ടുജെട്ടിയിലേക്കെത്താൻ യാത്രക്കാർ നീന്തേണ്ട അവസ്ഥ. 30 ലക്ഷത്തോളം രൂപ മുടക്കി ബോട്ടുജെട്ടി നിർമിച്ചിട്ടും ഇവിടേക്കെത്താനുള്ള വഴി നന്നാക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മങ്കൊന്പ് കോന്ത്യാട ജെട്ടിയിലേക്കെത്താനാണ് യാത്രക്കാർ വിഷമിക്കുന്നത്.
മങ്കൊന്പ് ക്ഷേത്രം റോഡിൽ നിന്നും അരകിലോമീറ്ററാണ് ജെട്ടിയിലേക്കുള്ള ദൂരം. ഇതിൽ ജെട്ടിയോടു ചേർന്നുള്ള 200 മീറ്റർ ദൂരത്തിലാണ് ദുരിത യാത്ര വേണ്ടിവരുന്നത്. മൂന്നടി വീതി മാത്രമുള്ള റോഡിൽ മഴപെയ്താൽ പോലും വെള്ളക്കെട്ടു രൂപപ്പെടും. ജലനിരപ്പു നേരിയ തോതിൽ ഉയർന്നാൽ പോലും വഴിയിൽ മുട്ടോളം വെള്ളം നിറയും. മഴക്കാലമായാൽ പ്രായമായവർക്കും രോഗികൾക്കും ഇതുവഴിയുള്ള യാത്ര അസാധ്യമാണ്.
നൂറോളം വീട്ടുകാർ ബോട്ടുജട്ടിയെ ആശ്രയി്ച്ച് യാത്രചെയ്യുന്നത്. ഇതിനു പുറമെ മറുകരയിലുള്ള മങ്കൊന്പ് സിവിൽ സ്റ്റേഷൻ, കഐസ്ഇബി ഓഫീസ്, മറ്റു വിവിധ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്കു കായൽപ്പുറം, ചതുർഥ്യാകരി മേഖലയിലുള്ളവരും ഈ ബോട്ടുജെട്ടിയിലെത്തിയാണ് യാത്ര ചെയ്യുന്നത്. പുളിങ്കുന്നിലേക്കടക്കം നിരവധി വിദ്യാർഥികളും ബോട്ടുയാത്രയ്ക്കായി ദിവസേന ഈ ജെട്ടിയിലെത്തുന്നു. വഴിമോശമായതുമൂലം യാത്രക്കാർ കുറവായതിനെത്തുടർന്ന് ജെട്ടി്ക്കു സമീപം സർവീസ് നടത്തിയിരുന്ന കടത്തുവള്ളവും നിലച്ചു.
സർക്കാർ ഫണ്ടുപയോഗിച്ചാണ് മേൽക്കൂരയടക്കം ഹൈടെക് രീതിയിലുള്ള ബോട്ടുജെട്ടി നിർമിച്ചത്. ഇനിയും കൈവരിയുടെ നിർമാണജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. ബോട്ടുജെട്ടിക്കായി ഇത്രയും തുക ചെലവഴിച്ചതു തന്നെ അനാവശ്യമായിപ്പോയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതുനു ചെലവഴിച്ച തുകയിൽ നി്ന്നും അൽപം മാറ്റിവച്ചിരുന്നെങ്കിൽ വഴിയും സഞ്ചാരയോഗ്യമാക്കാമായിരുന്നെന്നാണ് ഇവർ പറയുന്നത്.
ജെട്ടിയുടെ പണികൾ തീരുന്നതിനൊപ്പം വഴിയും ഗതാഗതസജ്ജമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഓട്ടോറിക്ഷയെങ്കിലും കടന്നുപോകുന്ന വിധത്തിൽ വഴി നിർമിക്കണം. ഇതിനായി ത്രിതല പഞ്ചായത്തുകളിൽ നിന്നോ മറ്റു ജനപ്രതിനിധികളിൽ നിന്നോ ഫണ്ടനുവദിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.