നാസിക് (മഹാരാഷ്ട്ര): സന്താനങ്ങളില്ലാത്ത ദന്പതിമാർ തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്ന തീവ്ര ഹിന്ദുത്വവാദി സംബാജി ഭിഡെയുടെ പരാമർശത്തെത്തുടർന്ന് നാസിക് മുനിസിപ്പൽ കോർപറേഷൻ (എൻഎംസി) നോട്ടീസ് അയച്ചു. തോട്ടത്തിലെ മാങ്ങ കഴിക്കുന്ന ദന്പതിമാർക്ക് ആൺകുട്ടി ജനിക്കുമെന്ന ഭിഡെയുടെ അവകാശവാദം തെളിയിക്കണമെന്നാണ് നോട്ടീസ്.
ഛത്രപതി ശിവജിയുടെ സാമ്രാജ്യം റായ്ഗഡിൽ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി കഴിഞ്ഞ മാസം നടത്തിയ റാലിയിലാണ് മാങ്ങയിലൂടെ സന്താനഭാഗ്യം ലഭിക്കുമെന്ന രഹസ്യം ഭിഡെ വെളിപ്പെടുത്തിയത്. ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ മേധാവിയും ഭീമ-കൊറേഗാവ് കലാപത്തിൽ പ്രതിയുമാണ് ഭിഡെ.
സന്താനഭാഗ്യം നല്കുന്ന മാവുകൾ തന്റെ തോട്ടത്തിലുണ്ടെന്ന് അമ്മയോടല്ലാതെ ആരോടും പറഞ്ഞിട്ടില്ല. സന്താനങ്ങളില്ലാത്ത 180 ദന്പതിമാർ ആ മാവിലെ മാങ്ങ കഴിച്ചു, ഇതിൽ 150 പേർക്കും കുട്ടികളുണ്ടായി. മാങ്ങ കഴിക്കുന്നതിലൂടെ ആൺകുട്ടികളില്ലാത്തവർക്ക് ആൺകുട്ടികൾ ജനിക്കുന്നു. വന്ധ്യതയ്ക്കുള്ള പരിഹാരമാണ് തോട്ടത്തിലെ മാങ്ങകൾ- ഭിഡെ പറഞ്ഞു.
ഭിഡെയുടെ പരാമർശത്തിനെതിരേ സാമൂഹ്യപ്രവർത്തകർ രംഗത്തെത്തിയതിനെത്തുടർന്നാണ് എൻഎംസി വിശദീകരണം തേടിയത്. മാങ്ങ കഴിച്ച് കുട്ടികളുണ്ടായവരുടെ പേര് വെളിപ്പെടുത്തണമെന്നാണ് മുനിസിപ്പൽ ഭരണകൂടത്തിന്റെ ആവശ്യം.