കോഴിക്കോട്: പതിവിലും നേരത്തേ എത്തിയ മഴയും അപ്രതീക്ഷിതമായി വന്നുപെട്ട നിപ്പാ വൈറസും പഴവിപണിയെ പാടേ തളർത്തുന്നു. ആവശ്യക്കാരേറെയുണ്ടായിരുന്ന മാന്പഴത്തിനു വൈറസ് ഭീതി പടർന്നതു തിരിച്ചടിയായി.
കിലോയ്ക്ക് എൺപതും തൊണ്ണൂറുമായിരുന്ന മാന്പഴത്തിന് സീസണായതോടെ അറുപതും നാല്പതുമൊക്കെയായി കുറഞ്ഞിരുന്നു. എന്നാൽ, നിപ്പാ വൈറസ് വന്നതോടെ മാന്പഴം ആളുകൾ വാങ്ങാതെയായി. നോന്പുകാലത്ത് ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്നതു പഴക്കച്ചവടക്കാർക്കായിരുന്നു. എന്നാൽ, ഇത്തവണ വലിയ പ്രതിസന്ധിയാണു പഴവിപണി നേരിട്ടുകൊണ്ടിരിക്കുന്നത്.
മാമ്പഴവിപണിയെയും ഞാവൽപഴ വിപണിയെയുമാണ് വൈറസ് ഭീതി കൂടുതലും ബാധിച്ചിരിക്കുന്നത്. കിലോയ്ക്ക് ഇരുന്നൂറും മുന്നൂറും വരെ വിലവന്നിരുന്ന ഞാവൽപഴത്തിന്റെ വിപണിയും തകർന്നു. നോന്പ് കാലത്തു കൂടുതൽ ആളുകൾ വാങ്ങിയിരുന്ന പഴമായിരുന്നു ഞാവൽ.