ചിരിപ്പിച്ചും കരയിച്ചും മലയാളിപ്രേക്ഷകരുടെ മനസില്‍ ഇടംനേടുകയും ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ജീവിതത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷനാകുകയും ചെയ്ത കലാഭവന്‍മണിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന് വിനയന്.
കരുമാടിക്കുട്ടന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയായിരുന്നു മണിയുടെ ഹിറ്റ് ചിത്രങ്ങള്‍. ഇവ രണ്ടും സംവിധാനം ചെയ്തത് വിനയനായിരുന്നു. അങ്ങനെ മണിയ്ക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ സമ്മാനിച്ച വിനയന് തന്നെയാണ് സംഭവബഹുലമായ മണിയുടെ ജീവിതവും സിനിമയാക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന് ഇക്കാര്യം അറിയിച്ചത്. മണിയുടെ സിനിമയ്ക്ക് പുറമെ മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം കൊടുത്ത ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥയും സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നതായി വിനയന് പറഞ്ഞു.
തിരുവന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയില് മണിയെ അവഗണിച്ചുവെന്നാരോപിച്ച് വിനയന് രംഗത്തെത്തിയിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതകള്‍ ഇതുവരെയും അവസാനിക്കാത്ത സാഹചര്യത്തിലാണ് മണിയുടെ ജീവിതം പശ്ചാത്തലമായി സിനിമ ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.