കൽപ്പറ്റ: തിരക്കഥാകൃത്ത് രഞ്ജൻപ്രമോദ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ബത്തേരി ചെതലയം പൂവഞ്ചി പണിയ കോളനിയിലെ മണിയുടെയും കുടുംബത്തിന്റെയും ഭവനസ്വപ്നം പൂവണിയുന്നു. ഹൈറേഞ്ച് റൂറൽ ഡവലപ്പ്മെന്റ് സൊസൈറ്റി ചെതലയം പൂവഞ്ചിയിൽ മണിക്കും കുടുംബത്തിനുമായി നിർമിക്കുന്ന വീടിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
മിനുക്കുപണികളടക്കം പൂർത്തിയാക്കി വീടിന്റെ കൈമാറ്റം ഈ മാസംതന്നെ നടത്താനാണ് സൊസൈറ്റിയുടെ നീക്കം. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്നതാണ് മണിയുടെ കുടുംബം. അവാർഡ് ജേതാവായ ചലച്ചിത്ര താരമെങ്കിലും ചെറ്റക്കുടിലിലാണ് മണിയുടെ വാസം. ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിനു പിന്നാലെ മണിയെ തേടി ചുരം കയറിയവരിൽ പലരും വാസയോഗ്യമായ വീട് വാഗ്ദാനം ചെയ്തെങ്കിലും വെറുതെയായി.
മണിക്ക് വീടും സ്ഥലവും ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ സർക്കാരിൽ പട്ടികവർഗ വികസന മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി ന്ധആശിക്കും ഭൂമി ആദിവാസിക്കുസ്വന്തം’ പദ്ധതിയിൽ സ്ഥലവും വീടും ലഭ്യമാക്കുമെന്ന് മണിയെ അറിയിച്ചതാണ്. ഇതനുസരിച്ച് മണി സ്ഥലവും വീടും കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി സഹായഹസ്തം നീട്ടിയത്.
കൽപ്പറ്റയിലെ ഒരു മാധ്യമപ്രവർത്തകനാണ് മണിയുടെ ദുരവസ്ഥ ആദിവാസികൾക്കായുള്ള ഭവന പദ്ധതിയുമായി 2016 മെയിൽ വയനാട്ടിലെത്തിയ സൊസൈറ്റി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്ന് ചെതലയം പൂവഞ്ചിയിലെത്തിയ സൊസൈറ്റി സെക്രട്ടറി അജി കൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.വി. വിവേകാനന്ദൻ, പ്രൊജക്ട് ഡയറക്ടർ പി. സുദേവൻ എന്നിവർ ന്ധതാരത്തിന്റെ’ ജീവിതസാഹചര്യം മനസിലാക്കുകയും വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയുമായിരുന്നു. ചെറ്റക്കുടിലിൽ താമസിക്കുകയും കുടുംബം പോറ്റുന്നതിനു കൂലിപ്പണിക്കു പോകുകയും ചെയ്യുന്ന സിനിമാനടനെയാണ് കോളനിയിൽ സൊസൈറ്റിക്ക് ഭാരവാഹികൾക്ക് കാണാനായത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത മണിക്കായി പൂവഞ്ചി കോളനിയിൽ ഭാര്യയുടെ അമ്മ സമ്മതപത്രപ്രകാരം വിട്ടുകൊടുത്ത സ്ഥലത്താണ് 3.93 ലക്ഷം രൂപ അടങ്കലിൽ വീട് നിർമാണം പൂർത്തിയാക്കിയത്. കിടപ്പുമുറിയും ഹാളും അടുക്കളയും ടോയ്ലറ്റും ഉൾപ്പെടുന്നതാണ് 400 ചതുരശ്ര അടി വിസ്തീർണമുള്ള വീട്.
വർഷങ്ങളോളം മസ്കറ്റിൽ ഗൾഫാർ എൻജീനിയറിംഗ് കന്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സുദേവന്റെ മേൽനോട്ടത്തിലായിരുന്നു ഫൈബർ സിമന്റ് പാനൽ ഉപയോഗിച്ചുള്ള വീടുനിർമാണം. പ്രകൃതിക്ഷോഭങ്ങളെയും തീപ്പിടിത്തം പോലുള്ള അത്യാഹിതങ്ങളെയും അതീജീവിക്കാൻ ശേഷിയുള്ളതാണ് ഈ രീതിയിൽ പണിയുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ. മണിയുമായി ഉടന്പടി വച്ചതിനുശേഷമായിരുന്നു വീടുപണിക്ക് തുടക്കം. മണിയും കുടുംബവും ഇപ്പോൾ പുവഞ്ചിയിലില്ല. ബന്ധുവീട്ടിൽ പോയ മണി തിരിച്ചെത്തിയാലുടൻ വീട് കൈമാറ്റത്തിനു തീയതി നിശ്ചയിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. വീടിന്റെ വയറിംഗ് അടക്കം പൂർത്തിയായിക്കഴിഞ്ഞു.