ഇടുക്കി: കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളുൾപ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് മന്ത്രി എം.എം മണി. വലിയ പ്രസംഗിക്കുന്ന ചെന്നിത്തലയൊക്കെയുണ്ടല്ലോ ഉം… അതൊക്കെ എനിക്കറിയാം അതുകൊണ്ട് ഞാൻ അതൊന്നും പറയുന്നില്ല. കമ്യൂണിസ്റ്റ് നേതാക്കളാരും സ്ത്രീപീഡനത്തിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചിത്തണ്ണിയിലായിരുന്നു മണി മന്ത്രിയുടെ കോൺഗ്രസ് ആക്രമണം.
ഈ കോൺഗ്രസ് കാർക്കൊരു പണിയുണ്ട്. അവന്മാർ എന്നാവേണേലും ചെയ്യും. അവന്മാരുടെ പണി അതാ. പിന്നല്ലെ, വല്ല ഉളുപ്പുമുണ്ടോയെന്ന് നോക്കിക്കെ. ഏറ്റവും സ്ത്രീപീഡനത്തിന്റെ ആളുകൾ ലോകത്തെ ഇവരാ. അത് അഖിലേന്ത്യാ നേതാക്കൻമാർ മുതലുണ്ട്. ഞാൻ ഒരുപാട് അങ്ങുപോകുന്നില്ല. പോകുമ്പോൾ വഷളാകും. പോയന്നാൽ ഒരുപാട് കഥയെനിക്ക് പറയാനുണ്ട്. ഇവിടെ ചരിത്രകാരൻമാർ എഴുതിവച്ചിരിക്കുന്നുണ്ട്. ഞങ്ങളുടെ ഏതെങ്കിലും നേതാക്കൻമാർ സ്ത്രീപീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ? ഏതെങ്കിലും ആക്ഷേപം വന്നിട്ടുണ്ടോ? സ്ത്രീകളെ ബഹുമാനിക്കുകയല്ലാതെ ചെയ്തിട്ടുണ്ടോ? ഒരു സംഭവം പറഞ്ഞാൽ ഞാൻ സുല്ലുപറയാം.
വലിയ പ്രസംഗിക്കുന്ന ചെന്നിത്തലയൊക്കെയുണ്ടല്ലോ ഉം… അതൊക്കെ എനിക്കറിയാം അതുകൊണ്ട് ഞാൻ അതൊന്നും പറയുന്നില്ല. നിലമ്പൂർ കോൺഗ്രസ് പാർട്ടി ഓഫീസിൽ രാധയെ കൈകാര്യം ചെയ്ത രീതി. എന്നിട്ടും ഒരു പ്രതിഷേധവും തോന്നാത്ത ലതികാ സുഭാഷും ശോഭാ സുരേന്ദ്രനും ഒരു പ്രതിഷേധവും നടത്തിയില്ല. അന്നേരവും ഞങ്ങളാണ് പ്രതിഷേധിച്ചത്. ശശിതരൂരിന്റെ കേസ്, ഇപ്പോൾപോലും എന്താണ് അതിന്റെ ദുരൂഹതയെന്ന് നീങ്ങിയോ? സോളാർ കേസിലെ വൃത്തികേടിന്റെ ഭാഗമായവർക്കാണ് കോൺഗ്രസ് പ്രമോഷൻ നൽകിയിരിക്കുന്നതെന്നും മണി ആക്ഷേപിച്ചു.
പൊമ്പിള ഒരുമൈ സമരം തീർക്കാൻ ഇടപെടില്ലെന്നും മണി പറഞ്ഞു. മൂന്നാറിൽ സമരം ചെയ്തത് ആം ആദ്മിയും യുഡിഎഫും ബിജെപിയുമാണെന്നും മണി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാനുള്ള മടികൊണ്ടാണ് സർവകക്ഷിയോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറയുന്നത്. എല്ലാവരും പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം ഭരിച്ചിട്ടും കോൺഗ്രസ് കൈയേറ്റം ഒഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.