തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നൽകിയതിന്റെ പേരിൽ കോണ്‍ഗ്രസിന് പുറമെ യുഡിഎഫിലും കലഹം. പ്രതിഷേധവുമായി ഘടകകക്ഷി നേതാക്കളും പരസ്യമായി രംഗത്തെത്തി. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ യുഡിഎഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ പങ്കെടുക്കില്ല.
അനാ രോഗ്യം മൂലമാണ് പങ്കെടുക്കാ ത്ത തെന്നാ ണ് ജോണി നെല്ലൂർ പറയുന്നത്. ഘടകകക്ഷി എന്ന നിലയിൽ ജേക്കബ് വിഭാഗത്തിനും സീറ്റിന് അവകാശവാദം ഉന്നയിക്കാൻ അവകാശം ഉണ്ടെന്ന് ഇന്നലെ ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസ് നിലവിൽ യുഡിഎഫിന്റെ ഭാഗമല്ല. യുഡിഎഫിൽ ഇല്ലാത്ത കക്ഷിക്ക് രാജ്യസഭ സീറ്റ് നൽകുന്നത് ശരിയല്ലെന്ന് ജോണി നെല്ലൂർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ ആർഎസ്പിയ്ക്കും പ്രതിഷേധമുണ്ട്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനും കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിൽ പ്രതിഷേധമുണ്ട്.
ഘടകക്ഷികളുമായി ചർച്ച ചെയ്യാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായെടുത്ത തീരുമാനമാണിതെന്ന് അസീസും കുറ്റപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് മാത്രമാണ് ഉത്തരവാദിത്വമെന്ന് അസീസ് പ്രതികരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് രമേശ് ചെന്നിത്തലയുടെ ഒൗദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് യോഗം ചേരുന്നത്.
രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് യോഗമെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. അതേ സമയം ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എംഎം. ഹസ്സൻ എന്നിവരാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളും യു നേതാക്കളും ആരോപിക്കുന്നു.
കോണ്‍ഗ്രസിൽ നിന്നും തങ്ങൾക്ക് താൽപ്പര്യമില്ലാത്തവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ നടത്തിയ കുതന്ത്രമാണിതെന്നാണ് കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രിസിലെയും ചില നേതാക്കൾ ആരോപിക്കുന്നത്. ഇതിനെല്ലാം തന്ത്രങ്ങൾ മെനഞ്ഞത് പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്നും ഇവർ ആരോപിക്കുന്നു.
ഉപതെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മാണി നൽകിയ പിന്തുണയ്ക്ക് പ്രത്യുപകാരമായി കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനെ ബലിയാടാക്കി സീറ്റ് തട്ടിയെടുത്ത് മാണിക്ക് നൽകിയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് എഐസിസി അല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമാണെന്നും എഐസിസി വ്യക്തമാക്കിയിരുന്നു.
ഇന്നത്തെ യുഡിഎഫ് യോഗത്തിലും വരും ദിവസങ്ങളിൽ നടക്കാൻ പോകുന്ന കോണ്‍ഗ്രസ് യോഗങ്ങളിലും ഈ വിഷയം രൂക്ഷമാകുമെന്നാണ് അറിയാൻ കഴിയുന്നത്. വി.എം.സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എം.ഹസ്സൻ, ഷാനിമോൾ ഉസ്മാൻ എന്നിവർക്ക് ആർക്കെങ്കിലും രാജ്യസഭ സീറ്റ് നൽകണമെന്ന് പി.ജെ.കുര്യൻ രാഹുൽഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ ഈ പറയുന്ന പല നേതാക്കളോടും ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും താൽപ്പര്യമില്ല. തങ്ങൾക്ക് താൽപ്പര്യമില്ലാത്തവർ രാജ്യസഭയിലേക്ക് പോകാതിരിക്കാനും കൂടി കളിച്ച കളിയാണ് ഇതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നു.
മലപ്പുറം ഡിസിസി ഓഫീസ് കൊടിമരത്തിൽ ലീഗിന്റെ പതാക ഉയർത്തി
മലപ്പുറം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നൽകാൻ തീരുമാനമായതു കോണ്‍ഗ്രസിൽ തർക്കത്തിനു കാണമായതോടെ മലപ്പുറം ഡിസിസി ഓഫീസിൽ മുസ്ലിം ലീഗിന്റെ പതാകയുയർന്നു. ഡിസിസി ഓഫീസ് മുറ്റത്തുള്ള കൊടിമരത്തിലാണ് കോണ്‍ഗ്രസ് പതാകയുടെ മുകളിലായി ലീഗിന്റെ പതാക കെട്ടിയ നിലയിൽ കാണപ്പെട്ടത്.
ഇന്നു പുലർച്ചെയാണ് സംഭവമെന്നു കരുതുന്നു. രാവിലെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ഉടൻ തന്നെ ഓഫീസ് സെക്രട്ടറി എൻ.വി.അൻസാർ അലി ലീഗിന്റെ പതാക അഴിച്ചുമാറ്റി. കേരളാ കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത നടപടിയിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ എതിർപ്പു രൂക്ഷമാണ്. ഇതേത്തുടർന്നുള്ള പ്രതിഷേധമായിരിക്കാം സംഭവത്തിനു പിന്നിലെന്നു കരുതുന്നു.
സംഭവത്തെത്തുടർന്നു ഡിസിസി വൈസ്പ്രസിഡന്റ് വീക്ഷണം മുഹമ്മദിന്റെ നിർദേശത്തിൽ മലപ്പുറം പോലീസിൽ പരാതി നൽകി. പാർട്ടിയെ തോജോവധം ചെയ്യാൻ ഇത്തരം ഹീനപ്രവൃത്തി ചെയ്ത സാമൂഹികദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ചു ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിനെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പാർട്ടിതലത്തിലും അന്വേഷിക്കുമെന്നു അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച ഫ്ളക്സിൽ കരിഓയിൽ
ആലപ്പുഴ: മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നഗരത്തിൽ സ്ഥാപിച്ച ഫ്ളക്സിൽ കരിഓയിൽ അഭിഷേകം. മുല്ലയ്്ക്കൽ കോടതിപ്പാലത്തിനു സമീപം നടപ്പാതയ്ക്കുമുന്നിൽ സ്ഥാപിച്ച ഫ്ളക്സിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്.
ജനനായകൻ ദേശീയ നേതൃത്വത്തിലേക്ക് എന്ന് മുകളിലും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ എന്ന്് താഴെയും എഴുതി ഉമ്മൻചാണ്ടിയുടെ മുഴുവൻ ചിത്രം സഹിതം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ചിട്ടുള്ളതാണ് ഫ്ളക്സ്.
ഇന്നലെ രാത്രിയിൽ ഒഴിച്ചതാകാനാണ് സാധ്യത. രാവിലെ മഴ പെയ്തതിനെ തുടർന്ന് കരിഓയിൽ ഒലിച്ചിറങ്ങിയ നിലയിലുമാണ്. രാജ്യസഭ സീറ്റ് വിഷയത്തിലടക്കം കോണ്‍ഗ്രസിനുള്ളിലെ തന്നെ അസംതൃപ്തിയുടെ പ്രതിഫലനമാണോ ഇതെന്ന സംശയവുമുണ്ട്. അതോ മറ്റാരെങ്കിലും വിഷയം ഉപയോഗിക്കാൻ ചെയ്തതാണോയെന്നും സംശയിക്കുന്നു.