ലാസ് വെഗാസ്: മാനി പാക്വിയാവോ എന്ന ഇടിവെട്ട് ഇടിക്കാരനുമുന്നിൽ പ്രായം ഒരു എതിരാളിയേയല്ല. നാൽപ്പതാം വയസിൽ വാർട്ടർവെയ്റ്റ് ബോക്സിംഗ് കിരീടം സ്വന്തമാക്കി ഈ ഫിലിപ്പീൻസുകാരൻ ചരിത്രം കുറിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ബോക്സർ എന്ന റിക്കാർഡിൽ പാക്വിയാവോ തുടരും. ഡബ്ല്യുബിഎ (വേൾഡ് ബോക്സിംഗ് അസോസിയേഷൻ) ചാന്പ്യനായ അമേരിക്കയുടെ കെയ്ത് തർമാനെ ഇടിച്ചിട്ടാണ് ഫിലിപ്പീൻസ് താരം കീരിടം സ്വന്തമാക്കിയത്.
അത്യന്തം ആവേശകരമായ പോരാട്ടത്തിൽ സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് മാനി പാക്വിയാവോയെ വിജയിയായി പ്രഖ്യാപിച്ചത്. പരാജയം അറിയാതെ എത്തിയ മുപ്പതുകാരനായ മുൻ ചാന്പ്യൻ തർമാനെ 12 റൗണ്ട് പോരാട്ടത്തിൽ മാനി കീഴടക്കി.
ആദ്യ റൗണ്ട് ഇടിയിൽത്തന്നെ അമേരിക്കൻ താരത്തെ രക്തത്തിൽ കുളിപ്പിച്ച മാനിക്ക് രണ്ട് വിധികർത്താക്കൾ 115-112ന്റെ ലീഡ് നല്കി. മൂന്നാമത്തെ ജഡ്ജ് 114-113ന് തർമാനെ അനുകൂലിച്ചു. ആദ്യ റൗണ്ടിൽ പിന്നിലായെങ്കിലും തർമാൻ ശക്തമായ പോരാട്ടത്തിലൂടെ ലീഡ് കുറച്ചു.
എതിരാളി ശക്തനും മികച്ച പോരാളിയായ ബോക്സറുമായിരുന്നെന്നും മത്സരം ആസ്വദിച്ചെന്നും വിജയത്തിനുശേഷം മാനി പാക്വിയാവോ പറഞ്ഞു.
ഈ ജയത്തിലൂടെ 137.72 കോടി രൂപയാണ് ഫിലിപ്പീൻസ് താരത്തിനു പ്രതിഫലമായി ലഭിക്കുക. ആദ്യ റൗണ്ടിൽ നോക്ക്ഡൗണ് ലഭിച്ചതാണ് പാക്വിയാവോയ്ക്ക് ഗുണമായതെന്ന് മത്സരശേഷം തർമാൻ പ്രതികരിച്ചു.
പാക് മാൻ എന്ന ഓമനപ്പേരുകാരനായ മാനി, ജനുവരിയിൽ അഡ്രിയാൻ ബ്രോണറെ കീഴടക്കി കിരീടം സ്വന്തമാക്കിയിരുന്നു. ഇരുപത്തൊന്പതുകാരനായ ബ്രോണറെ 117-111, 116-112, 116-112നായിരുന്നു കീഴടക്കിയത്. നാൽപ്പതുവയസ് തികഞ്ഞശേഷം ഫിലിപ്പീൻസ് താരം ബോക്സിംഗ് റിംഗിൽ എത്തിയ ആദ്യ മത്സരമായിരുന്നു അത്. 2015ൽ തന്നെ തോൽപ്പിച്ച ഫ്ളോയിഡ് മെയ്വെതറെ മത്സരശേഷം പാക്വിയാവോ അന്ന് വെല്ലുവിളിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. 2020ൽ വീണ്ടും മത്സരിക്കാൻ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പക്വിയാവോ തർമാനെതിരായ മത്സരശേഷം റിംഗ് വിട്ടത്.