കോട്ടയം: പാലായിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എൻസിപി നേതാവ് മാണി സി. കാപ്പൻ കൂടിക്കാഴ്ച നടത്തി. സണ്‍ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന സിപിഎം ശില്പശാലയുടെ ഇടവേളയിലാണ് കോടിയേരി- മാണി സി. കാപ്പൻ കൂടിക്കാഴ്ച. പാലായിൽ എൻസിപിക്കാണ് സീറ്റെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ചയിൽ പറഞ്ഞു.
പാലായിൽ മത്സരിക്കുമെന്ന് നേരത്തെ എൻസിപി യോഗത്തിൽ മാണി സി. കാപ്പൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് എൻസിപി എന്ന നിലയിലും എൽഡിഎഫ് എന്ന നിലയിലും സ്വന്തം നിലയിലും പ്രവർത്തനം തുടങ്ങിയതായി മാണി സി. കാപ്പൻ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളെ വെട്ടിമാറ്റുകയും അനർഹരെ ഉൾപ്പെടുത്തുകയും ചെയ്ത തായി മാണി സി. കാപ്പൻ പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകി.