പാലാ: മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. താൻ എൽഡിഎഫ് വിട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഐശ്വര്യ കേരളയാത്രയിൽ തന്റെ ശക്തി തെളിയിക്കും. 17 സംസ്ഥാന ഭാരവാഹികളിൽ ഒൻപത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നും കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറിച്ചാണെങ്കിൽ ഭാവികാര്യങ്ങൾ അപ്പോൾ തീരുമാനിക്കും. പുതിയ പാർട്ടിയെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല. എൽഡിഎഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങൾ തന്നോടൊപ്പമുണ്ടെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.