കോട്ടയം: ഇടതു മുന്നണിവിട്ട് യുഡിഎഫിലേക്ക് എത്തുന്ന മാണി സി. കാപ്പൻ എംഎൽഎ നാളെ പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്പോൾ പ്രഖ്യാപനം നടത്തും. എൻസിപി ദേശീയ നേതൃത്വം എൽഡിഎഫിൽ തുടരാൻ നിർദേശിച്ചതിനെത്തുടർന്നാണ് മാണി സി. കാപ്പൻ യുഡിഎഫ് പ്രവേശനവുമായി ഡൽഹയിൽ നിന്ന് പാലായിലേക്ക് മടങ്ങിയത്.
രാവിലെ ഒന്പതിന് നെടുന്പാശേരി വിമാനത്തവാളത്തിലെത്തിയ കാപ്പൻ 10.30ന് പാലായിലെ വീട്ടിലെത്തി.വീട്ടിലെത്തിയ മാണി സി. കാപ്പൻ സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും നാളത്തെ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ്.
പ്രകടനത്തോടെ ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക്
യുഡിഎഫ് പ്രവേശനത്തിനു കാപ്പൻ ക്യാന്പിൽ ഒരുക്കങ്ങൾ തകൃതി. നാളെ രാവിലെ പാലാ നഗരം ചുറ്റി പ്രകടനത്തോടെയാകും കാപ്പൻ യുഡിഎഫ് ക്യാന്പിലെത്തുക. പൊൻകുന്നം പാലത്തിനു സമീപത്തുനിന്ന് 100 ബൈക്കുകളുടെ അകന്പടിയിൽ പ്രകടനത്തിനു മുന്നിൽ മാണി സി. കാപ്പൻ തുറന്ന ജീപ്പിൽ നീങ്ങും.
ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന രാവിലെ 10ന് നവകേരള യാത്രയുടെ സമ്മേളനവേദിയിൽ കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഷാൾ അണിയിച്ചു സ്വകരിക്കും. പി.ജെ. ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും യുഡിഎഫിന്റെ മറ്റു നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോണ്, ജി. വരദരാജൻ, അനൂപ് ജേക്കബ് എന്നിവരും വേദിയിലുണ്ടാകും.
സമ്മേളനത്തിൽ കാപ്പൻ വിഭാഗം എൻസിപിയെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതിനൊപ്പം പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായുള്ള ഒൗദ്യോഗിക പ്രഖ്യാപനവുമുണ്ടായേക്കും.യാത്രയ്ക്ക് ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ നൽക്കുന്ന സ്വീകരണത്തിലും കോട്ടയം തിരുനക്കരയിലെ പൊതുസമ്മേളത്തിലും കാപ്പൻ പ്രസംഗിക്കും.
‘ചങ്കാണ് പാലാ’
ഐശ്വര്യ കേരള യാത്രയുടെ വിളംബര അനൗണ്സ്മെന്റ് വാഹനം എത്തുന്നതിനു മുന്പേ മാണി സി. കാപ്പന്റെ അനൗണ്സ്മെന്റ് വാഹനം പാലായിൽ അനൗണ്സ്മെന്റ് തുടങ്ങി. നാളെ നടക്കുന്ന പ്രകടനവും യുഡിഎഫ് പ്രവേശനവും അറിയിച്ചാണ് അനൗണ്സ്മെന്റ് വാഹനങ്ങൾ മണ്ഡലത്തിൽ പര്യടനം നടത്തുന്നത്.
ചങ്കാണ് പാലാ എന്ന പേരിൽ മാണി സി.കാപ്പന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററും എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി ഇറക്കി കഴിഞ്ഞു. സോഷ്യൽ മീഡിയായിലും പോസ്റ്റർ വൈറലായി.പോസ്റ്ററുകളും കൊടിതോരണങ്ങളാലും നഗരം ഇന്ന് എൻസിപി പ്രവർത്തകർ അലങ്കരിക്കും. ബൈക്ക് റാലിക്കുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. വാദ്യമേളങ്ങൾ, നാസിക്ഡോൾ, പുഷ്പവൃഷ്്ടി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
എൻസിപി പ്രവർത്തകർ പാലായിലേക്ക്
എൻസിപി സംസ്ഥാന ഘടകം പൂർണമായും മാണി സി. കാപ്പന്റെ നിലപാടിന് പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും സംസ്ഥാനമൊട്ടാകെയുള്ള മാണി സി.കാപ്പനെ പിന്തുണയ്ക്കുന്ന എൻസിപി പ്രവർത്തകർ പാലായിലേക്ക് എത്തി തുടങ്ങി. നാളെ നടക്കുന്ന പ്രകടനത്തിലും സമ്മേളനത്തിലും പങ്കെുക്കാനാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ എത്തിയിരിക്കുന്നത്. എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോഷി പുതുമനയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണം തിങ്കളാഴ്ച മുതൽ
പാലായിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച മാണി സി.കാപ്പൻ നിയോജകമണ്ഡലത്തിൽ തിങ്കളാഴ്ച മുതൽ പ്രചാരണം തുടങ്ങും. 176 ബൂത്ത് യോഗങ്ങൾ വിളിച്ചുകൂട്ടി യുഡിഎഫ് യോഗങ്ങൾ തുടങ്ങാനാണ് നീക്കം. തുടർന്ന് മണ്ഡലം സമ്മേളനങ്ങൾ നടത്തും. ഒന്നരവർഷക്കാലം മണ്ഡലത്തിൽ ചെയ്ത വികസന പദ്ധതികൾ ഉയർത്തി കാട്ടിയും ഇടതു മുന്നണി തന്നോട് കാട്ടിയ രാഷ്്ട്രീയ വഞ്ചന വിശദീകരിച്ചും വികസന ജാഥയും നടത്തുന്നുണ്ട്.