ജിബിൻ കുര്യൻ
കോട്ടയം: എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ മാണി സി. കാപ്പൻ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് വികസന സദസ് നടത്തുന്നു.ഒന്നര വർഷക്കാലം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനവുമായി സംവദിക്കുന്നതിനായിട്ടാണ് വികസന സദസ് നടത്തുന്നത്.
നേരത്തെ വികസന വിളംബര ജാഥയായിരുന്നു നിശ്ചയിച്ചതെങ്കിലും പദയാത്രയേക്കാൾ നല്ലത് വികസന സദസാണെന്ന യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ വികാരം കണക്കിലെടുത്താണ് വികസന സദസ് സംഘടിപ്പിക്കുന്നത്.അടുത്ത മാസം മൂന്നു മുതൽ വികസന സദസിനു തുടക്കമാകും.
ഒരു പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രാമസഭ മോഡലിലാണ് വികസന സദസ്.യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരിക്കും സദസ് സംഘടിപ്പിക്കുന്നത്.
വികസന പ്രവർത്തനങ്ങൾ വിവരിക്കുന്നതിനൊപ്പം മുന്നണി മാറാനുണ്ടായ സാഹചര്യവും എംഎൽഎ വിശദീകരിക്കും. വികസന സദസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ജെ.ജോസഫ് തുടങ്ങിയ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും എത്തും. മണ്ഡലത്തിൽ പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം അടുത്ത മാസം മൂന്നിന് നടത്തും.
പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെയും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച അത്യാധുനിക വെയിറ്റിംഗ് ഷെഡിന്റെയും ഉദ്ഘാടനമാണ് ഉടൻ നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഷോയുമായി രാഹുൽഗാന്ധിയും പാലായിലെത്തും.