പാലാ: ഇടതു മുന്നണിയിൽ വിശ്വാസമെന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി സി. കാപ്പൻ. പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.
ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.അതേസമയം കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു.
ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാർട്ടിയെ പുറത്തുനിർത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്‍വീനർ എ.വിജയരാഘവൻ യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ജോസ് വിഭാഗത്തെ മുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം, ആസന്നമായിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണിക്കു ഏറെ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.