കോട്ടയം: പാലാ എംഎൽഎ മാണി സി. കാപ്പനെ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ ജോർജ് വസതിയിലെത്തി സന്ദർശിച്ചത് നിരീക്ഷിച്ച് രാഷ്ട്രീയ കേരളം.
പാലാ നിയോജകമണ്ഡലത്തെ സംബന്ധിച്ചു കേരള കോണ്‍ഗ്രസും എൻസിപിയും തമ്മിലുള്ള പിടിവലി എൽഡിഎഫിൽ തർക്കം സൃഷ്ടിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ എൻസിപി-ജനപക്ഷം വിഭാഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച വളരെ ഗൗരവത്തോടെ നോക്കിക്കാണുന്നത്.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.
പാലാ ജില്ലാ പഞ്ചായത്തും നഗരസഭയും മാത്രമല്ല ജില്ലയിൽ ഒന്നടങ്കമുള്ള ഇടതുമുന്നണിയുടെ വിജയത്തിലെ പ്രധാന സ്വാധീന ശക്തിയാകാൻ ജോസ് കെ. മാണി ചെയർമാനായ കേരള കോണ്‍ഗ്രസ് എമ്മിന് കഴിഞ്ഞിരുന്നു.
പാലാ നിയമസഭാ മണ്ഡലമാണ് അടുത്ത ലക്ഷ്യം. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് ആവർത്തിക്കുകയാണ് എൻസിപി. ഈ സാഹചര്യത്തിലാണ് പി.സി. ജോർജിന്റെ മകന്റെ കൂടിക്കാഴ്ച നിർണായകമാകുന്നത്.
എന്നാൽ പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എംഎൽഎയ്ക്ക് എല്ലാ പിന്തുണയും അറിയിക്കുവാനുമാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.
റോഡുകളുടെ നവീകരണത്തെ സംബന്ധിച്ചും ചർച്ച നടത്തി. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസന കാര്യങ്ങളിൽ എംഎൽഎയ്ക്കൊപ്പം മുന്നോട്ട് പോകുമെന്നുമാണ് ഷോണിന്റെ ഭാഷ്യം.