കോട്ടയം: സിറ്റിംഗ് സീറ്റായ പാലാ നൽകാൻ കഴിയില്ലെന്ന് പിണറായി വിജയൻ എൻസിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന തരത്തിൽ അന്തിമ തീരുമാനമെന്ന നിലയിലാണ് നിലപാട് മുഖ്യമന്ത്രി എൻസിപി നേതൃത്വത്തെ അറിയിച്ചത്.
കാപ്പന് പാലായ്ക്ക് പകരം വേണമെങ്കിൽ കുട്ടനാട്ടിൽ മത്സരിക്കാമെന്ന നിലപാടാണ് സിപിഎമ്മിന്േറത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നാലെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനോട് അടിയന്തരമായി ഡൽഹിക്ക് എത്താൻ ശരത് പവാർ നിർദ്ദേശം നൽകി. കാപ്പനും പീതാംബരനും ചേർന്ന് ഇന്ന് ദേശീയ നേതാക്കളുമായി ചർച്ച നടത്തും.
പാലായ്ക്ക് പുറമേ മന്ത്രി എ.കെ.ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂരും സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാൽ എൻസിപിക്ക് സിറ്റിംഗ് സീറ്റുകളിൽ രണ്ടെണ്ണം നഷ്ടമാകും. ഇത്ര വിലയ അവഗണന സഹിച്ച് എൽഡിഎഫിൽ തുടരേണ്ടെന്നാണ് കാപ്പൻ അനുകൂലികളുടെ നിലപാട്. എലത്തൂർ ലഭിച്ചില്ലെങ്കിൽ എന്ത നിലപാട് സ്വീകരിക്കണമെന്നത് ശശീന്ദ്രൻ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
എലത്തൂരും പാലായും ഇല്ലെങ്കിൽ എൻസിപി മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാപ്പനെ പരസ്യമായി പ്രതിപക്ഷ നേതാവ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പാർട്ടി പിളർന്ന് കാപ്പൻ മാത്രമായി മുന്നണിയിലേക്ക് വന്നാലും കോണ്ഗ്രസ് സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ച നിർണായകമാകും.