ജിബിൻ കുര്യൻ
കോട്ടയം: മിന്നും സ്മാഷുകളിലൂടെ വോളിബോള്‍ കോര്‍ട്ടില്‍ വിസ്മയം തീര്‍ത്ത മാണി സി. കാപ്പന് പാലായുടെ രാഷ്ട്രീയ കോർട്ടിൽ കളംമാറ്റി കളിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 14ന് പാലായിലെത്തുമ്പോള്‍ ‘ഐശ്വര്യ’മായി യുഡിഎഫിനു കാപ്പന് കൈകൊടുക്കും.
ഇന്നു രാവിലെ ഡല്‍ഹിയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത്പവാറും സെക്രട്ടറി ഫ്രഫുല്‍ പട്ടേലുമായി മാണി സി. കാപ്പനും ടി.പി.പീതാംബരന് മാസ്റ്ററും ചര്‍ച്ച ആരംഭിച്ചു. പോരാട്ടത്തിലൂടെ പിടിച്ചെടുത്ത പാലാ സീറ്റ് നല്‍കാതെ സിപിഎം മുന്നണി മര്യാദ കാട്ടിയില്ലെന്ന് കാപ്പന് ശരത്പവാറിനെ അറിയിച്ചു.
എന്‍സിപി യുഡിഎഫിന്റെ ഭാഗമാകണമെന്നും ഇനി ഇടതു മുന്നണിയില്‍ നിന്നാല്‍ നീതി കിട്ടില്ലെന്നും കാപ്പന് പവാറിനെ അറിയിച്ചു. ശരത്പവാറിന്റെ തീരുമാനം നാളെയുണ്ടാകുമെന്നാണ് കരുതുന്നത്. മാണി സി. കാപ്പനും നാളെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഞായറാഴ്ച രാവിലെ 10നാണ് ഐശ്വര്യ കേരളയാത്രയ്ക്ക് പാലായില്‍ സ്വീകരണം നല്‍കുന്നത്. രമേശ് ചെന്നിത്തലയ്ക്കു പുറമേ ഉമ്മന്‍ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും, പി.ജെ.ജോസഫും യാത്രയുടെ ഭാഗമായി പാലായിലെത്തും. ഇവര്‍ ഒരുമിക്കുന്ന വേദിയില്‍ എത്തി യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാനാണ് കാപ്പന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി എന്‍സിപി പാലാ മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഐശ്വര്യ കേരള യാത്ര പാലായിലെത്തുമ്പോള്‍ മാണി സി.കാപ്പനും എന്‍സിപിയും സ്വീകരണം ഒരുക്കും. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും റാലിയായി തുറന്ന വാഹനത്തിലെത്തുന്ന കാപ്പന് ഐശ്വര്യയാത്രയുടെ സ്വീകരണ വേദിയിലെത്തി ജാഥാ ക്യാപറ്റനെ ഹാരാര്‍പ്പണം നടത്തും.
സ്വാതന്ത്ര്യസമരകാലം മുതല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള കാപ്പന്കുടുംബം അഞ്ചു പതിറ്റാണ്ടിലെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിലേക്കു മടങ്ങുന്നു. വോളിബോളും സിനിമയും ഒരേ ആവേശത്തോടെ കൈകാര്യം ചെയ്ത മാണി സി. കാപ്പന് കോണ്‍ഗ്രസ് എസിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തി പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആയത്.
കോണ്‍ഗ്രസ് എസ് പിന്നീട് എന്‍സിപി ആയി മാറിയപ്പോഴും കാപ്പന് സംസ്ഥാന ഭാരവാഹിയായി. 2000-05 കാലത്ത് പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, നാളികേര വികസന ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പദവികള്‍ വഹിച്ചു. ഇദ്ദേഹം നഗരസഭാ കൗണ്‍സിലറായിരിക്കെ സഹോദരന്മാരായ ജോര്‍ജ് സി. കാപ്പന്, ചെറിയാന് സി. കാപ്പന് എന്നിവരും കൗണ്‍സിലര്‍മാരായിരുന്നു.
പാലായില്‍ കെ.എം. മാണിക്കെതിരെ ജോര്‍ജ് സി. കാപ്പന് 1991ലും മാണി സി. കാപ്പന് 2006, 2011, 2016 വര്‍ഷങ്ങളിലും എതിര്‍സ്ഥാനാര്‍ഥിയായി. 2019 ഉപതെരഞ്ഞെടപ്പില്‍ പാലായില്‍ വിജയിച്ച മാണി സി. കാപ്പന് എന്‍സിപി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായിരിക്കെയാണ് സസ്പെന്‍സ് ത്രില്ലര്‍ സിനിമാക്കഥ പോലെ മുന്നണി മാറുന്നത്.