എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ശരദ് പവാർ കൈവിട്ടതോടെ മാണി സി കാപ്പൻ വെട്ടിൽ. പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടണമെന്ന കാപ്പന്റെ നിലപാട് ശരദ് പവാർ തള്ളിയതോടെ ഇനി എന്തെന്ന ചിന്തയിലാണ് മാണി.സി.കാപ്പൻ.
ഇതിനിടെ മാണി സി. കാപ്പൻ യു ഡി എഫിൽ ചേക്കേറാൻ നോക്കിയെങ്കിലും കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് കാരണം അതു നടന്നില്ല.
എൻ സി പി ഒരുമിച്ചു യു ഡിഎഫിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ പിളർന്നു വരാനേ കഴിയുകയുള്ളുവെന്ന് അറിയിച്ചതോടെ പാലാ സീറ്റ് ലക്ഷ്യമിടുന്ന കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് ഉയർത്തുകയായിരുന്നു.
ഏതെങ്കിലും ഒരു ഘടക കക്ഷിയുടെ ഭാഗമായിവരാനാണ് അവസാനം യുഡിഎഫ് നേതൃത്വം കാപ്പനു നൽകിയ നിർദേശം. പി.ജെ ജോസഫ് കാപ്പനെ കൂടെ കൂട്ടാൻ നോക്കിയപ്പോൾ പാലാ സീറ്റ് ലക്ഷ്യം വയ്ക്കുന്ന ആ പാർട്ടിയിലെ ചിലർ തടസവുമായി എത്തി.
കാപ്പനോടു പലതവണ എൽഡിഎഫ് വിട്ട് പുറത്തു വരണമെന്ന അന്ത്യശാസനം യുഡിഎഫ് നേതൃത്വം നൽകിയെങ്കിലും കാപ്പൻ കൃത്യമായ നിലപാട് എടുക്കാതെ എൽഡിഎഫിൽ തുടർന്നു. ഇതോടെ കാപ്പനുമായി ഇനി ചർച്ച വേണ്ടെന്ന നിലപാട് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ സ്വീകരിച്ചു. ഇതോടെയാണ് കാപ്പൻ നിലപാട് മാറ്റിയത്.
തുടർന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി യുഡിഎഫിൽ പോകാൻ തനിക്കു ഭ്രാന്തുണ്ടോയെന്ന് ചോദിച്ചത്. ഇതോടെ ഇനി കാപ്പൻ വന്നാൽ സ്വീകരിക്കേണ്ടന്ന നിലപാടിൽ കോൺഗ്രസും യു ഡി എഫും എത്തിയിരിക്കുകയാണ്.
കാപ്പനു പാലാ സീറ്റ് ഇനി എൽഡിഎഫും യുഡിഎഫും കൊടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കാപ്പനു പാലായ്ക്കു പകരം രാജ്യസഭാ സീറ്റ് കൊടുക്കാമെന്ന് നേരത്തെ എൽഡിഎഫും സിപിഎമ്മും പറഞ്ഞിരുന്നു. എന്നാൽ, കാപ്പൻ ആദ്യം വഴങ്ങിയിരുന്നില്ല.
കാപ്പന്റെ പ്രസ്താവനകളും മുന്നണി വിരുദ്ധമായ നിലപാടുകളും അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിൽ ഇനി കാപ്പനുമായി ഒരു ചർച്ചയ്ക്കും സിപിഎം തയാറല്ല. കാപ്പനു സീറ്റ് കൊടുക്കുന്നെങ്കിൽ അത് എൻസിപിക്കു തീരുമാനിക്കാം.
അല്ലാതെ ഇനി കാപ്പനു വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും സിപിഎം തയാറല്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. കാപ്പനെ ഉൾക്കൊള്ളിക്കേണ്ടത് ഇനി എൻ സി പി യുടെ മാത്രം ആഭ്യന്തര കാര്യമാക്കി സിപിഎം മാറ്റിയിരിക്കുകയാണ്.
രാജ്യസഭാ സീറ്റ് കാപ്പനു നൽകേണ്ട എന്നാണ് സിപിഎം തീരുമാനം. രാജ്യസഭാ സീറ്റ് ഇനി കാപ്പനു ലഭിക്കണമെങ്കിൽ എൻസിപി ദേശീയ നേതൃത്വം ഇടപെടണം. അല്ലെങ്കിൽ കുട്ടനാട് സീറ്റ് കാപ്പന് എൻസിപി നൽകണം.
എൻസിപിക്കുള്ളിലും ഒറ്റപ്പെട്ട മാണി സി. കാപ്പന് ഇനി പ്രഫുൽ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ്ള ചർച്ചയാണ് നിർണായകം.