കോട്ടയം: എൻസിപിയിൽ നിന്നു പുറത്താക്കിയ മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുന്നു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് 22ന് തിരുവനന്തപുരത്ത് യോഗം ചേരും.
കേരള എൻസിപി എന്ന പേരിലായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുന്നത്.എൻസിപി നേതാക്കളായ ബാബു കാർത്തികേയൻ, സലിം പി.മാത്യു, ബാബു തോമസ്, കടകംപള്ളി സുകു, പി. ഗോപിനാഥൻ, സാജു എം. ഫിലിപ്പ് കോട്ടയം, എം.ബലരാമൻനായർ, ഷിനി കൊച്ചുദേവസി, പി.എച്ച്. ഫൈസൽ എന്നിവർ കാപ്പനൊപ്പം പുതിയ പാർട്ടിയിലുണ്ടാകും.
കേരള കോണ്ഗ്രസ് ബി, ആർഎസ്പി എന്നീ പാർട്ടികളിൽ നിന്ന് ഒരു വിഭാഗം പുതിയ പാർട്ടിയിലെത്തും. കേരള കോണ്ഗ്രസ് പി.സി.തോമസ് വിഭാഗത്തിൽ നിന്നും പാർട്ടിയിൽ ചേരാനായി ആളുകൾ മാണി സി. കാപ്പനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
എൻസിപിയിലെ അതൃപ്തരായവരെ ഉൾപ്പെടുത്തി 14 ജില്ലകളിലും കമ്മിറ്റിയും രൂപീകരിക്കും. മാണി സി. കാപ്പൻ പ്രസിഡന്റായി പാർട്ടി രൂപീകരിക്കാനാണ് പ്രാഥമിക തീരുമാനം.
ട്രാക്്ടർ, ഫുട്ബോൾ എന്നിവയിലേതെങ്കിലും ചിഹ്നമായി ചോദിക്കാനും കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പാലാ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും 10 പഞ്ചായത്തുകളിലും പുതിയ പാർട്ടിക്ക് കമ്മിറ്റികളുണ്ടാകും.
ത്രിതല പഞ്ചായത്ത് മെംബർമാർ ഉൾപ്പെടെ പുതിയ പാർട്ടിയിൽ ചേരുന്നതിനായി കാപ്പനുമായി ബന്ധപ്പെട്ടു കഴിഞ്ഞു. എൻസിപി ദേശീയ സെക്രട്ടറി കെ.ജെ. ജോസ്മോൻ ഉൾപ്പെടെയുള്ളവർ പുതിയ പാർട്ടിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ എൻസിപിയിൽ തന്നെ തുടരാൻ ജോസ് മോനോടും മാണി സി. കാപ്പൻ ആവശ്യപ്പെടുകയായിരുന്നു.പുതിയ പാർട്ടി രൂപീകരണത്തിന് എൻസിപി പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററുടെയും ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെയും മൗന സമ്മതമുണ്ടെന്നാണ് സൂചന.
അയോഗ്യത വരാതിരിക്കുന്നതിനായി മാണി സി. കാപ്പനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായി ശരത്പവാർ പ്രഖ്യാപിച്ചിരുന്നു. ദേശീയ സെക്രട്ടറി കെ.ജെ. ജോസ്മോനാണ് ഈ നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചത്. ടി.പി. പീതാംബരനും ഇതിനു സമ്മതമേകി.
പാർട്ടിയിൽ നിന്നു രാജിവച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുൾപ്പെടെയുള്ള കാര്യത്തിൽ അയോഗ്യത കൽപ്പിക്കാൻ ഒൗദ്യോഗിക നേതൃത്വം ശ്രമിക്കാതിരിക്കുന്നതിനു വേണ്ടിയാണ് പാർട്ടിയിൽ നി്ന്നും പുറത്താക്കിയത്.
ശരത്പവാറിന്റെയും ടി.പി. പീതാംബരന്റെയും മനസ് തന്നോടൊപ്പമാണെന്ന് മാണി സി.കാപ്പൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാന പാർട്ടിയായിട്ടായിരിക്കും രജിസ്റ്റർ ചെയ്യുക.
തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന കമ്മിറ്റി ഓഫീസുമുണ്ടാകും. കോട്ടയത്തെ നിലവിലെ എൻസിപി ജില്ലാ കമ്മിറ്റി ഓഫീസും പുതിയ പാർട്ടിയുടെ ഓഫീസായിരിക്കും.