കോട്ടയം: കലാകാരൻ, കായിക താരം , പിന്നീട് രാഷ്ട്രീയം ,കോണ്ഗ്രസ് പാരന്പര്യമുള്ള പാലായിലെ കാപ്പൻ കുടുംബത്തിൽ നിന്ന് എൻസിപിയിലൂടെ രാഷ്ട്രീയം കലയാക്കിയ മാണി സികാപ്പൻ പാലായുടെ ജനപ്രതിനിധിയായി നിയമസഭയിലേക്ക്.
വോളി ബോൾ രംഗത്ത് മിന്നുന്ന സ്മാഷുകൾ കാണികൾക്ക് സമ്മാനിച്ച് ദേശിയ തലത്തിൽവരെ എത്തിയ മാണി സി കാപ്പൻ പിന്നീട് കലാ രംഗത്ത് സീജീവമായി. കോളജ് പഠന കാലത്ത് സംസ്ഥാന വോളിബോൾ ടീമിൽ അംഗമായിരുന്നു. കോഴിക്കോട് സർവകലാശാല ടീമിന്റെ ക്യാപ്റ്റനായിരുന്നു.
സിനിമാ സംവിധായകൻ, നടൻ, നിർമാതാവ് എന്നീ തലങ്ങളിൽ ശ്രദ്ധേയനായി. കാപ്പൻ നിർമിച്ച മേലേപറന്പിൽ ആണ്വീട് , മാന്നാർ മത്തായി സ്പീക്കിംഗ്, കുസൃതിക്കാറ്റ്, സിഐഡി ഉണ്ണികൃഷ്ണൻ എന്നിവ എക്കാലത്തേയും മലയാളത്തിലെ ഹിറ്റുകളായി. എൻസിപി സംസ്ഥാന ട്രഷറർ , ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2000 മുതൽ 2005 വരെ പാലാ മുനിസിപ്പൽ കൗണ്സിലറായിരുന്നു. ഇതേ കാലത്ത് കാപ്പൻ കുടുംബത്തിൽ നിന്ന് ജോർജ് സി കാപ്പൻ, ചെറിയാൻ സി കാപ്പൻ എന്നിവരും പാലായിലെ കൗണ്സിലർമാരായത് മറ്റൊരു കൗതുകം. 1956 മെയ് 30ന് പാലാ കാപ്പിൽ ചെറിയാൻ ജെ കാപ്പന്റെയും ത്രേസ്യാമ്മയുടെയും 11 മക്കളിൽ ഏഴാമനായി ജനിച്ചു.
പിതാവ് ചെറിയാൻ ജെ കാപ്പൻ സ്വാതന്ത്ര്യ സമര സോനാനിയും ലോക്സഭാംഗവും നിയമസഭാംഗവും പാലാ മുനിസിപ്പൽ ചെയർമാനുമായിരുന്നു. ചങ്ങനാശേരി പാലത്തിങ്കൽ കുടുംബാംഗം ആലീസ് ആണ് മാണി സി കാപ്പന്റെ ഭാര്യ. ചെറിയാൻ കാപ്പൻ, ഡീന, ദീപ എന്നിവരാണ് മക്കൾ.