പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് എൻസിപിയിൽ പൊട്ടിത്തെറിയായി. വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ ഇത് വലിയ വിവാദമായി മാറാൻ സാധ്യതയുണ്ട്. ഇന്നലെ പാലാ ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്നാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് ഇലക്ഷൻ അതോറിറ്റി കമ്മിറ്റി നിലനിൽക്കെ ബ്ലോക്ക് കമ്മിറ്റി എങ്ങനെയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുകയെന്ന് പാർട്ടിയിൽ ഒരു വിഭാഗം ചോദിക്കുന്നു.
ഏക പക്ഷീയമായി ഒരു വിഭാഗം യോഗം ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിച്ചതിനോട് യോജിപ്പില്ലെന്ന് സംസ്ഥാന നേതാക്കൾ പലരും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ്ഞ ശേഷം എൽഡിഎഫിനുണ്ടാകുന്ന നേട്ടവും കോട്ടവും വിലയിരുത്തിയാവും പാലായിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് എൻസിപിയുടേതാണെങ്കിലും എൽഡിഎഫിൽ തീരുമാനിച്ച ശേഷമേ സ്ഥാനാർഥിയെ നിശ്ചയിക്കാനാവു.
പാലായിൽ കെ.എം.മാണിയുടെ മരണ ശേഷം കേരളാ കോണ്ഗ്രസിലെ ആരാവും മത്സരിക്കുക എന്ന് വ്യക്തമല്ല. എതിർ സ്ഥാനാർഥി ആരെന്നുകൂടി അറിഞ്ഞ ശേഷം വിജയപ്രതീക്ഷയുള്ളയാളെ വേണം മത്സരിപ്പിക്കാൻ. ഇത്രയൊക്കെ കടന്പ കഴിഞ്ഞാലേ സ്ഥാനാർഥി നിർണയമാകു. ഇതൊന്നുമില്ലാതെ ഒരു ദിവസം യോഗം ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക എന്നത് പാർട്ടിക്ക് യോജിച്ച നടപടിയല്ലെന്ന് ചില നേതാക്കൾ വ്യക്തമാക്കി.
10 പേരടങ്ങുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി കമ്മിറ്റി ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ, എൻസിപി വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ശശീന്ദ്രൻ എന്നിവർ ഉൾപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് അതോറിറ്റി കമ്മിറ്റി. ഇതൊന്നുമില്ലാതെ ഒരു ബ്ലോക്ക് കമ്മിറ്റി ചേർന്ന് ഒരു സ്ഥാനർഥിയെ പ്രഖ്യാപിച്ചതാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കിയത്.
സ്ഥാനാർഥി പ്രഖ്യാപനം വിവാദമായതോടെ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പറഞ്ഞത് ബ്ലോക്ക് കമ്മിറ്റി അവരുടെ ആവശ്യം ഉന്നയിച്ചതേയുള്ളുവെന്നാണ്. എന്നാൽ പ്രതികരണമറിയാനായി മാണി സി കാപ്പനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ പാലായിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ചേർന്ന യോഗത്തിലാണു തീരുമാനം. മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വം സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
പാർലമെൻറ് തെരഞ്ഞെടുപ്പ് അവലോകനയോഗവും പാലായിലെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവും ചർച്ച ചെയ്യാനാണ് ഇന്നലെ പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നത്. പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോഷി പുതുമനയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാന മുൻസെക്രട്ടറി സുൽഫിക്കർ മയ്യൂരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സലിം പി. മാത്യു, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കാണക്കാരി അരവിന്ദാഷൻ, സാജു എം. ഫിലിപ്പ്, സാബു എബ്രാഹം തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സുൽഫിക്കർ മയ്യൂരിയാണു മാണി സി. കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പാലാ മണ്ഡലത്തിൽ മൂന്നു തവണ മാണി സി. കാപ്പൽ ജനവിധി തേടിയെങ്കിലും മുൻഎംഎൽഎ കെ.എം. മാണിക്കു തന്നെയായിരുന്നു വിജയം.
ഭൂരിപക്ഷം ഓരോതവണയും കുറച്ചുകൊണ്ടുവരുന്നതിനു മാണി സി. കാപ്പനു സാധിച്ചുവെന്നു യോഗം വിലയിരുത്തി. 2006ൽ 7759, 2011ൽ 5259, 2016ൽ 4073 എന്നിങ്ങനെയായിരുന്നു കെ.എം. മാണിയുടെ ഭൂരിപക്ഷം. യോഗത്തിൽ ആരും പേര് നിർദേശിക്കാതെ മുൻ ഭാരവാഹിയായ സുൽഫിക്കർ മയ്യൂരി മാണി സി. കാപ്പൻറെ പേര് പ്രഖ്യാപിച്ചുവെന്നാരോപിച്ച് ഒരു വിഭാഗം ഇതുസംബന്ധിച്ച രേഖകളിൽ ഒപ്പിടാൻ വിസമതിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബെന്നി മൈലാടൂർ, സുമതി ജോർജ്, കർഷക കോണ്ഗ്രസ് പ്രസിഡൻറ് ജോസ് കുറ്റ്യാനിമറ്റം, ജില്ലാ കമ്മിറ്റിയംഗങ്ങളായ സാംജി പഴേപറന്പിൽ, റാണി സാംജി, സംസ്ഥാന നിർവാഹകസമിതിയംഗം സാബു എബ്രഹാം എന്നിവരാണു വിയോജിപ്പുമായി രംഗത്തുളളത്. പാർട്ടി പ്രസിഡൻറും ജില്ലാപ്രസിഡൻറും ജില്ലയുടെ ചാർജുള്ള ജനറൽ സെക്രട്ടറിയുമില്ലാതെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ജനാധിപത്യ രീതിയിലുള്ള നടപടിയല്ലെന്ന് ഇവർ പറഞ്ഞു.