പാലാ: മാണി സി. കാപ്പൻ ഇനി പാലായുടെ എംഎൽഎ. മണ്ഡലം നിലവിൽ വന്ന 1965-നുശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിനു പുറത്തുനിന്ന് ഒരു എംഎൽഎ ഉണ്ടാകുന്നത്. ഈ 54 വർഷക്കാലയളവിലും കെ.എം.മാണിയായിരുന്നു പാലായുടെ എംഎൽഎ. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മാണി സി. കാപ്പന്റെ വിജയം.
പരന്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റം നടത്തിയാണ് കാപ്പന്റെ വിജയം. ആകെയുള്ള 177 ബൂത്തുകളിൽ ഭൂരിപക്ഷം ബൂത്തുകളും കാപ്പൻ പിടിച്ചു. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം എന്നീ പഞ്ചായത്തുകളിലെല്ലാം എൽഡിഎഫ് ലീഡ് നേടി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫിനു ലീഡ് നേടാനായത്.
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു സർവേകളിൽ മുൻതൂക്കമെങ്കിലും ഇതിനെ അട്ടിമറിക്കുന്ന പ്രകടനമാണു മാണി സി. കാപ്പന് കാഴ്ചവച്ചത്.2006, 2011, 2016 വർഷങ്ങളിൽ കെ.എം. മാണിയോടു മത്സരിച്ചു പരാജയപ്പെട്ട മാണി സി. കാപ്പൻ മൂന്നു തവണ നാലാമങ്കത്തിലാണു പാലായിൽനിന്നു ജയിച്ചുകയറുന്നത്. തോല്‍വിയറിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കെ.എം. മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനും ഒടുവിൽ വിജയം നേടാനും കാപ്പനു കഴിഞ്ഞു.
യുഡിഎഫ് തോൽവിക്കു പിന്നിൽ കാരണം പലത്
പാലാ: എന്താണ് പാലായിൽ സംഭവിച്ചത്. അഭിപ്രായവോട്ടെടുപ്പുകൾ അപ്പാടെ തെറ്റിച്ചു മാണി സി കാപ്പൻ മിന്നുന്ന ജയം നേടി. സ്ഥാനാർഥി നിർണയത്തിൽ കേരള കോണ്‍ഗ്രസിലെ ജോസ്- ജോസഫ് ഗ്രൂപ്പ് പോര് യുഡിഎഫ് തോൽവിക്കു പ്രധാന കാരണമായി.
വോട്ടിലെ അടിയൊഴുക്കുകൾ ഇനി പഠനവിഷയമാക്കേണ്ടിവരും. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ യുഡിഎഫ് വിജയം അനിവാര്യമായിരിക്കെ കോണ്‍ഗ്രസും യുഡിഎഫും സർവസന്നാഹവുമൊരുക്കി പ്രചാരണം നടത്തിയിരുന്നു. പ്രത്യേകിച്ചും കേരള കോണ്‍ഗ്രസിലെ ഭിന്നത ശാന്തമാക്കാൻ കോണ്‍ഗ്രസ് പ്രചാരണച്ചുമതല ഏറ്റെടുത്ത് നേതാക്കൾ പാലായിൽ തന്പടിച്ചു പ്രവർത്തനം നിയന്ത്രിച്ചു. പക്ഷെ വോട്ടർമാരുടെ മനസ് മാറ്റിയെടുക്കാൻ യുഡിഎഫിന് സാധിച്ചില്ല. പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിലുണ്ടായ മാന്ദ്യം. രണ്ടില ചിഹ്നത്തെച്ചൊല്ലിയുണ്ടായ തർക്കം.
സ്ഥാനാർഥി നിർണയം വൈകാനിടയായത്. ഇതിനൊപ്പം പാലായിലെ ജനം മാറ്റം അഗ്രഹിച്ചു. മൂന്നു തവണ കഐം മാണിയോടു തോറ്റ മാണി സി കാപ്പൻ നാലാമൂഴം മത്സരിക്കാൻ ഇറങ്ങിയപ്പോൾ കാപ്പന് ഒരു അവസരം നൽകണമെന്ന് വോട്ടർമാരുടെ താൽപര്യം.
യുഡിഎഫിന് മുൻതൂക്കമുള്ള ഏറെ മേഖലകളിലും 750 വോട്ടുകളുടെ മുൻതൂക്കം മാണി സി കാപ്പനു ലഭിച്ചു. അഞ്ചു മാസം മുൻപു നടന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിൽ പരം വോട്ടുകളുടെ മുൻതൂക്കം യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് ലഭിച്ചിരുന്നു. ഇതേ വോട്ടർമാരാണ് മാറി ജനവിധിയെഴുതിയത്.
ഇടതു മുന്നണിയിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ നേതൃത്വം നടത്തിയ ആവേശകരമായ പ്രചാരണം ഇടതിനു നേട്ടമായി. യുഡിഎഫ് പ്രചാരണവും പൊതുവെയും കൊട്ടിക്കലാശം പ്രത്യേകിച്ചും പാലായിൽ യുഡിഎഫ് കരുത്ത് തെളിയിക്കും വിധമായിരുന്നില്ലെന്നത് വസ്തുത. ആൾബലം കുറഞ്ഞ സമ്മേളനങ്ങളായിരുന്നു പലതും.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കഐം മാണിയുടെ ഭൂരിപക്ഷം മാണി സി കാപ്പൻ കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ വേള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 4703 വോട്ടിലേക്ക് മാണി സി കാപ്പൻ താഴ്ത്തി. ഇത്തവണ പാലായിൽ കാപ്പൻ വിജയിക്കുകയും ചെയ്തു.